Search

ആക്കോളി കുറിപ്പുകള്‍

Notes from a Dreamer

Articles

പ്രിയദർശന്‍റെ കുഞ്ഞാലി മരയ്ക്കാരും, ഹൊയ്സാല ശില്പകലയിലെ ടെലസ്കോപ്പും

ജോഗ്ഗ് വെള്ളച്ചാട്ടം ( Jog Water Falls )

അതിജീവന പാതയിലെ മൂന്നാര്‍

കാനന പാതയിലൂടെ ഒരു ശബരിമല യാത്ര

രാജൻ മഹാദേവൻ നായർ അഥവാ ‘ബഡാ രാജൻ’ – അധോലോകത്തെ മലയാളി സാന്നിധ്യം!!!!

ഉജ്ജയിനിയിലെ ക്ഷിപ്രാനദിയുടെ ഘട്ടുകളിലൂടെ , നാഗ സന്യാസിമാര്‍ക്കിടയിലൂടെ – ഒരു കുംഭമേള അനുഭവം !

അഗസ്ത്യഹൃദയം തേടി…..

രാജസ്ഥാനിലെ രണഭൂമിയിലൂടെ-“Battle of Longewala “

Aero India 2017 – Bangalore

Featured post

ഒരു കോവിഡ് കാല യാത്ര

പലപ്പോഴായി ബാംഗ്ലൂരിൽ നിന്നും മുത്തങ്ങ വഴി കോഴിക്കോട്ട് വന്നിട്ടുണ്ടെങ്കിലും ,
ഇത്തവണത്തെ യാത്ര പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു.

1-രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും യാത്ര

———————————————————————————

കേരളത്തിലേക്ക് കൂടണയാൻ തീരുമാനിച്ചപ്പോൾ എങ്ങിനെ പോകണം എന്ന ചിന്തയാണ് ആദ്യമായി മനസ്സിലേക്ക് വന്നത്.

ബാംഗ്ലൂർ നിന്നും നേരിട്ട്  കോഴിക്കോട് അല്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാമെന്ന് ആയിരുന്നു ആദ്യ ആലോചന.ഒരു മണിക്കൂർ കൊണ്ട് നാട്ടിലെത്തും. എന്നാൽ വിമാനത്തിൽ രോഗ വ്യാപനമുള്ള പല രാജ്യങ്ങളിൽ നിന്നുമുള്ള കോവിഡ് രോഗികളായ ആളുകൾ ഉണ്ടാവുമെന്ന് പറഞ്ഞു സുഹൃത്തുക്കൾ ആദ്യം തന്നെ ആ  മാർഗ്ഗം നിരുത്സാഹപെടുത്തി. കേരളത്തിലേക്ക് മലയാളി സമാജങ്ങൾ വഴി ബാംഗ്ലൂരിൽ നിന്നും ബസുകൾ പോകുന്നുണ്ട്. അതും നല്ല ഒരു മാർഗ്ഗമാണ് .

അടുത്ത മാർഗ്ഗം ടാക്സി വഴി നാട്ടിലേക്ക്‌  പോവുക എന്നത് ആയിരുന്നു. എന്നാൽ ടാക്സി ഡ്രൈവറും അതിർത്തി കടന്നാൽ ക്വാറന്റൈൻ പരിധിയിൽ പെടും. വേറെ ഒരു മാർഗ്ഗം മുത്തങ്ങ കോവിഡ് പരിശോധന കേന്ദ്രം വരെ ടാക്സിയിൽ വരുക. അവിടെ നിന്നും വേറെ ടാക്സിയിൽ നാട്ടിലേക്ക്‌ പോവുക.

ക്വാറന്റൈൻ ഹോം

ഇതിനിടയിൽ  പണ്ട് കോളേജിൽ  കൂടെ ഉണ്ടായിരുന്ന സുഹൃത്ത് താൻ ബാംഗ്ലൂർ നഗരത്തിനോട് വിട ചൊല്ലുകയാണെന്ന് എന്നു പറയാൻ ഫോണ് വിളിച്ചത്.
രോഗി ഇച്ഛിച്ചതും, പാൽവൈദ്യൻ കല്പിച്ചതും പാൽ!!
അവനും ,ഭാര്യയും നമ്മളെ പോലെ തന്നെ ഐ ടി തൊഴിലാളി വർഗ്ഗത്തിൽ നിന്നാണ്. സുഹൃത്ത് വീട്ടുസാധനങ്ങൾ ബാംഗ്ളൂരിൽ നിന്നും പാർസൽ സർവീസ് സ്ഥാപനം വഴി കോഴിക്കോട്ടേക്ക് കയറ്റി അയച്ച ശേഷം , പരിചയക്കാരോട് യാത്ര പറയുന്ന ചടങ്ങിന്റെ ഭാഗമായി ഫോണ് വിളിച്ചതാണ്.
@basanth ap

ബാംഗ്ലൂരിലെ ഭൂരിപക്ഷം ഐ ടി കമ്പനികളും ഇപ്പോൾ ഓഫീസിലേക്ക് പോകാൻ ജോലിക്കാരെ പ്രോത്സാഹിപ്പിക്കുന്നില്ല . വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാൻ ഉള്ള പ്രോത്സാഹനം പല രൂപത്തിൽ ചെയ്‌തു തരുന്നുണ്ട് താനും. ഓഫീസ് ഉപകരണങ്ങൾ പലതും വീട്ടിലേക്ക് അയച്ചു തുടങ്ങി.  ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ ,ഓഫീസ് കസേര, കീബോർഡ്, മോണിറ്റർ തുടങ്ങിയവ ഹോം ഡെലിവറി ചെയ്ത് കൊടുത്തു. മറ്റ് ചില കമ്പനികൾ ഇവ വാങ്ങാൻ ഉള്ള ചെലവ് ശമ്പളത്തിനു പുറത്ത് കൊടുത്തു.

കോവിഡ് ഐ ടി തൊഴിലാളി വർഗ്ഗത്തെ work from home ലേക്ക് നയിച്ചപ്പോൾ  , ഐ ടി കമ്പനികളും വർക്കിങ് മോഡലുകൾ പുതുക്കി പണിയാൻ തീരുമാനിച്ചു.
ബിൽഡിങ് സ്പേസ്  , എയർ കണ്ടിഷൻ,
ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഓഫീസ് ഉപകരണങ്ങൾ ,കഫെ ഏരിയ തുടങ്ങിയവയ്ക്ക് ഭീമമായകാശു മുതലാക്കുന്നതിലും ലാഭകരം  ജോലിക്കാർക്ക്  വീടുകളിൽ നിന്നും ജോലി ചെയ്യാൻ ഉള്ള സാഹചര്യമൊരുക്കുന്നത് ആണ്  എന്നവർ തിരിച്ചു അറിഞ്ഞു.ബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചർ കോസ്റ്റ് കുറയുന്ന സ്ഥിതി വന്നപ്പോൾ ജോലിക്കാരുടെ വീട്ടിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പു വരുത്തുക എന്ന പ്രവർത്തനരീതിയിലേക്ക് കമ്പനികൾക്ക് ചെലവ്‌ ക്രമീകരിച്ചു.പല കമ്പനികളും യു പി സ് , ഇന്റർനെറ്റ്  തുടങ്ങിയവക്ക് ജോലിക്കാർ ചെലവാക്കുന്ന തുക തിരിച്ചു കൊടുക്കാൻ  ഉള്ള നടപടികൾ ഏർപ്പാടാക്കിയിട്ടുണ്ട്.

ഇവിടെ നമ്മുടെ സുഹൃത്ത് Work from Home കിട്ടിയപ്പോൾ   ആ വലിയ തീരുമാനം എടുത്തു-നാട്ടിലേക്ക് സ്ഥിരമായി താമസം മാറ്റുക. അതിനായി ഉടനെ തന്നെ ബാംഗ്ലൂരിലെ വാടക വീട് ഒഴിയുക . ബാംഗ്ലൂരിലെ വാടക വീട്ടിൽ  തന്നെ ഇരുന്നു ഓഫീസ് ജോലി ചെയ്യണം എന്നില്ലല്ലോ..നാട്ടിൽ പോയാലും ജോലി ചെയ്യാമല്ലോ!!.

കാംചലബ്ദൻ എന്നാണ് ഈ സ്നേഹിതന്റെ  പേര്  !! മൂന്നു തവണ മുത്തങ്ങയിലെ കോവിഡ് പരിശോധന കേന്ദ്രത്തിൽ ഈ പേരിലെ  മലയാളത്തിലും,  ഇംഗ്ലീഷിലും ഉള്ള അക്ഷരങ്ങൾ എന്നെ കൊണ്ട്‌ പറയിപ്പിച്ചു!!!

കാംചലബ്ദന്റെ പ്രവർത്തി ഒറ്റപെട്ട സംഭവം അല്ല.ഈ കോവിഡ് കാലത്ത് നിരവധി ആളുകൾ ഇപ്പോൾ ബാംഗ്ലൂർ നിന്നും ഇങ്ങിനെ  കേരളത്തിലേക്ക് സ്ഥിരമായി താമസം മാറ്റുന്നുണ്ട്.

യാത്രമാർഗ്ഗം തീരുമാനിച്ചതോടെ അടുത്ത ഉത്തരവാദിത്വം  യാത്രയ്ക്ക് ഉള്ള കേരള govt പാസ്സ് എടുക്കൽ ആയി മാറി. നാട്ടിലേക്ക്‌ എമർജൻസി പാസ്, ഡൊമെസ്റ്റിക് പാസ്സ് തുടങ്ങിയവ ഉണ്ടെങ്കിലും അതെങ്ങിനെ വേഗത്തിൽ കിട്ടും എന്നറിയില്ല!! നാട്ടിൽ പോയാൽ ക്വാറന്റൈൻ കിടക്കണം എന്നറിയാം. എന്നാൽ ആ സംഭവത്തിന്റെ നടത്തിപ്പ് എങ്ങിനെ എന്നറിയില്ല. യാത്രയുടെ തയ്യാറെടുപ്പിന്റെ അടുത്ത ഘട്ടം ഈ വിവരങ്ങൾ സംഘടിപ്പിക്കുന്നതായിരുന്നു.

നാട്ടിലിലേക്ക് കോവിഡ് കാലത്ത് പോയ സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി.അവർ നേരിട്ട വെല്ലുവിളികളും, അവിടെ ചെന്ന ശേഷമുള്ള അനുഭവങ്ങളും വിളിച്ചു ചോദിച്ചു.

2 –ഊരു വിലക്കല്ല ക്വാറന്റൈൻ !!!ജാഗ്രതയാണ്…
————————————————————-

         അങ്ങിനെ ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും കോവിഡ് കാലത്ത് കോഴിക്കോട്ടേക്ക് ഉള്ള യാത്രക്ക് ഉള്ള തയ്യാറെടുപ്പിന്റെ ഘട്ടം തുടങ്ങി.

       ആദ്യം തന്നെ കേരളത്തിന്റെ ജാഗ്രത പാസിന് apply ചെയ്യണം. Domestic പാസിന് health department ൽ നിന്നും സ്റ്റാഫ് വീട്ടിൽ വന്നു നോക്കും. റൂം ക്വാറന്റൈൻ സൗകര്യം ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം ആണ് approval നൽകുന്നത് എന്നു കേട്ടിരുന്നു.
ക്വാറന്റൈൻ നിൽക്കേണ്ട വീട്ടിൽ 65 വയസ്സിൽ കൂടുതൽ ഉള്ള ആൾക്കാർ ഉണ്ടോ,നവജാത ശിശുക്കൾ ഉണ്ടോ എന്നെല്ലാം അവർ അന്വേഷിക്കും.നമ്മുടെ കേസിൽ ഇതു രണ്ടും ഉണ്ട്.

വിവരങ്ങൾ എല്ലാം മുൻപ് പോയവരിൽ നിന്നും സംഘടിപ്പിച്ചിരുന്നു.

വീട്ടിൽ മുതിർന്ന വ്യക്തി ഉള്ള  നമ്മുടെ ഒരു സുഹൃത്ത്  , യാത്ര തുടങ്ങുന്നതിനു മുൻപ് നാട്ടിൽ  ഒരു വാടക വീട് സംഘടിപ്പിച്ചു.
തുടർന്ന് സ്വന്തം വീട്ടുകാരെ വാടക വീട്ടിലേക്ക്‌ മാറ്റി. എന്നിട്ട് പുള്ളി ഇപ്പോൾ സ്വന്തം വീട്ടിൽ ക്വാറന്റൈൻ നിൽക്കുന്നു. 
ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് നിന്നും, പോലീസിൽ നിന്നും സ്ഥിരമായി അവന്റെ സ്ഥിതി വിവരങ്ങൾ ദിവസേന അന്വേഷിക്കുന്നുണ്ട്.

മെയ് തുടക്കത്തിൽ നാട്ടിൽ പോയവർ അറിയിച്ചിയിരുന്ന മറ്റൊരു വാർത്ത, മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിൽ നിന്നും വീടുകളിൽ പോകുന്നതിന് പോലീസ് എസ്‌കോർട് ഉണ്ടെന്ന് ആയിരുന്നു.   പാസ് ലഭിച്ചു പോകുന്നവർ വഴിയിൽ അനാവശ്യമായി ഇറങ്ങുന്നില്ലന്ന് ഉറപ്പു വരുത്താൻ ഉള്ള ഒരു സംരക്ഷണം ആയിരുന്നു  ഈ എസ്‌കോർട്ട്.ഇപ്പോൾ ഈ സംവിധാനം നിർത്തിയിട്ടുണ്ട്.

   കേരളാ govtന്റെ ജാഗ്രതാ പോർട്ടലിൽ
അങ്ങിനെ ഞങ്ങൾ പാസിനായി apply ചെയ്തു. ആകെ വേണ്ടത് മൊബൈൽ നമ്പർ മാത്രം. ഇമെയിൽ പോലും ചോദിക്കുന്നില്ല . എമർജൻസി പാസിന് പ്രൂഫ് ആവശ്യമുണ്ട്.

തുടർന്ന് approval കിട്ടാൽ ഉള്ള കാത്തിരിപ്പ് തുടങ്ങി……

മണിക്കൂറുകൾക്ക് ദിവസങ്ങളുടെ നീളം!!!
ഓരോ മണിക്കൂറിലും approval status പോയി നോക്കും.

‘Waiting for taking action ‘ എന്നൊരു status മാത്രമാണ് കാണാൻ സാധിക്കുന്നത്!

മൂന്നു നാലു മണിക്കൂറിനു ഉള്ളിൽ അധികൃതരുടെ ഫോണ് വന്നു.ക്വാറന്റൈൻ നിൽക്കാൻ പോകുന്ന സ്ഥലത്ത് ഉള്ള പഞ്ചായത്തും ,വാർഡ് നമ്പറും അന്വേഷിച്ചു. അതിനു പുറമെ വാർഡ് മെമ്പറുടെ പേരും സംഘടിപ്പിച്ചു.അവരുടെ സംസാരത്തിന്റെ വേഗത്തിൽ നിന്നു തന്നെ അവർ എത്രമാത്രം തിരക്കിൽ ആണെന്ന് നമുക്ക് ഊഹിക്കാം.

     പോകേണ്ടത് ശനിയാഴ്ചയാണ്. Requestകൊടുത്തത് തിങ്കളാഴ്ചയും.അന്നു തന്നെ വാർഡ് വിവരങ്ങൾ അന്വേഷിച്ചു അധികൃതരുടെ ഫോൺ കാൾ വന്നു.  എന്നാൽ അടുത്ത രണ്ടു ദിവസം ഒരു അനക്കമൊന്നുമില്ല .ആരും വിളിക്കുന്നില്ല!!

വെബ്സൈറ്റിൽ approval status മാറുന്നില്ല. -Waiting for taking Action.

ആകാംക്ഷയുടെ ദിനങ്ങൾ !!!!

എവിടെയാണ് വൈകുന്നത് എന്നറിയില്ല.വാർഡ് മെമ്പറെ വിളിച്ചു നോക്കി. പുള്ളിക്ക് ഞങ്ങൾ മുത്തങ്ങ പോസ്റ്റ് കഴിഞ്ഞാൽ ഫോണ് കാൾ വരും എന്ന് പറഞ്ഞു.അപ്പോൾ പുള്ളിയുടെ കയ്യിൽ നിന്നല്ല  വൈകുന്നത്.

    

     പിന്നെ ഒന്നും നോക്കിയില്ല. .ജില്ല തലത്തിൽ  ഉള്ള ജാഗ്രത സെൽ നമ്പർ സംഘടിപ്പു അവരെ നേരിൽ വിളിച്ചു അന്വേഷിച്ചു. സംഭവം എമർജൻസി പാസ്സ് ആയത് കൊണ്ട് കലക്ടറേറ്റിൽ നിന്നും നേരിട്ട് അനുവാദം കൊടുക്കുകയാണ് പതിവ്.കലക്ടറേറ്റിലേക്ക് വിളിക്കാൻ ഉള്ള നമ്പർ ജാഗ്രത സെല്ലിൽ നിന്നു തന്നു.

         കലക്ടറേറ്റിലെ ലാൻഡ് ഫോണിൽ വിളിച്ചപ്പോൾ ഉടനെ തന്നെ ഫോൺ എടുത്തു.ഓഫീസർ സംഭവം വിശദമായി കേട്ടു. എമർജൻസി പാസിനുള്ള justification ഞങ്ങൾ വിശദീകരിച്ചു. അദ്ദേഹം ഒരു മണിക്കൂർ സമയം ചോദിച്ചു.അതിനുള്ളിൽ approval കിട്ടിയില്ലെങ്കിൽ അറിയിക്കാൻ പുള്ളിയുടെ പേഴ്‌സണൽ മൊബൈൽ നമ്പർ തന്നു.  ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നില്ല!!
അതിനുള്ളിൽ തന്നെ ഓഫീസർ ഇങ്ങോട്ട് വിളിച്ചു വിവരങ്ങൾ തന്നു. ശനിയാഴ്ച പോരാമെന്നും, approval കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടയിൽ Approval മെസേജ് വന്നു. അതേ നമ്മളെ കൂടണിയിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ അവിടെ വിശ്രമമില്ലാതെ പരിശ്രമിക്കുന്നുണ്ട്.ജാഗ്രത സെല്ലിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർഥതയെ അഭിനന്ദിക്കാതെ നിവൃത്തിയില്ല!

ഇപ്പോൾ പോകാനുള്ള വാഹനമായി!!
Govt travel Pass കിട്ടി!!

കൊറോണ കാലത്തെ യാത്ര എന്ന സംഭവബഹുലമായുടെ ഘട്ടം തുടങ്ങുകയാണ്….

സാധാരണ നാട്ടിൽ പോകുന്ന പോലെ അല്ല!! തിരിച്ചു വരവ് 2-3 മാസത്തിനു ശേഷം ആയിരിക്കും…മാത്രമല്ല ഒരു മാസത്തോളം അടങ്ങി ഒതുങ്ങി നിൽക്കണം.

ആദ്യ പതിനാലു ദിവസം റൂം ക്വാറന്റൈൻ !!
അടുത്ത പതിനാലു ദിവസം ഹോം  ക്വാറന്റൈൻ!!

അങ്ങിനെ ഞങ്ങളുടെ കോവിഡ് കാലത്തെ ബാംഗ്ളൂർ -കോഴിക്കോട് യാത്ര മുൻ തീരുമാനം പോലെ ശനിയാഴ്ച പുലർച്ചെ 2.30 AM നു  തുടങ്ങി .  തീരുമാനിച്ചതിൽ നിന്നും അര മണിക്കൂർ വൈകി എന്നു മാത്രം….


രാത്രി തകർത്തു പെയ്തു ഒഴിഞ്ഞ മഴയുടെ സുഗന്ധവും ആവാഹിച്ചാണ് യാത്രയുടെ തുടക്കം. അസാധാരണമായി വിജനമായ പാത.… സ്ഥിരമായി കാണുന്ന പൂക്കളുമായി പോവുന്ന വണ്ടികൾ വഴിയിലൊന്നും കാണുന്നില്ല. കോവിഡ് വിതച്ച  ഭയം ജനങ്ങളിൽ നിന്നും അത്ര വേഗം പോകുമെന്ന് തോന്നുന്നില്ല.

‘ബാംഗ്ലൂരിൽ രാവിന് വെളിച്ചം കൂടുതൽ’ ആണെന്ന പ്രയോഗം മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ റോഡിൽ കഴിഞ്ഞ ജനം, വീടുകളിൽ ഒതുങ്ങി കഴിയാൻ തുടങ്ങിത്തിരിക്കുന്നു!! എല്ലാവർക്കും കൊറോണയെ അകറ്റി നിർത്താൻ തന്നെയാണിഷ്ടം.

കുട്ടിക്കാലത്ത് ആകാശത്തിലൂടെ പോകുന്നവിമാനം കാണുമ്പോഴുള്ള ആഹ്ലാദം ഇപ്പോൾ റോഡിൽ വാഹനം കാണുമ്പോഴും തോന്നുന്നു. നമ്മളെ കടന്നു പോകാനോ , നമുക്ക് വെട്ടിച്ചു പോകാനോ വാഹനം കാണാത്ത അവസ്ഥ!! പൂരമൊഴിഞ്ഞ പറമ്പിന്റെ അവസ്ഥ എന്താണെന്ന് ശരിക്കും അറിഞ്ഞു. കൊറോണ കാലമാണെങ്കിലും, ചിലപ്പോൾ ഞങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുത്ത സമയവും ഈ റോഡിന്റെ മൂകാവസ്ഥക്ക് കാരണം ആയിട്ടുണ്ടാവും. ആദ്യമായാണ് ഈ വഴിക്ക് പോകുന്നത് എന്ന തോന്നൽ പലപ്പോഴും ഉണ്ടായി!!

പുലർച്ചെ ആയത് കൊണ്ടാവും ,മിക്കവാറും ഫ്യൂൽ പമ്പുകളും അടഞ്ഞു കിടന്നു.  ഗ്രാമങ്ങളിലേക്ക് പോകും തോറും മാസ്കുകൾ ഉള്ള മുഖങ്ങൾ  അന്യമായി വന്നു. മാസ്‌കും, ഗ്ലൗസും ധരിച്ച ഞങ്ങളെ അന്യഗ്രഹജീവികളെ കാണുന്ന കൗതുകത്തോടെ പലരും വീക്ഷിച്ചു.

കോൺക്രീറ്റ് കാടുകളിൽ നിന്നും പ്രകൃതിയുടെ കാടുകളിലേക്ക് കടന്നപ്പോൾ വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ എങ്ങിനെയോ തുറന്നു!!! മനുഷ്യന്റെ ശല്യമില്ലാത്ത കാലം കഴിഞ്ഞോ എന്നോർത്ത് തുറിച്ചു നോക്കുന്ന മാനുകളെ അവിടെ -ഇവിടെയായി കണ്ടു. കുട്ടിയാനെയെയും കൊണ്ട് ആനത്താരയിലേക്ക് ഇറങ്ങിയ ആനകൂട്ടങ്ങൾ ഞങ്ങളെ ശ്രദ്ധിച്ചതേ ഇല്ല! വന്യമൃഗങ്ങൾ മനുഷ്യന്റെ ചീറി പാഞ്ഞു വരുന്ന വാഹനത്തെ പേടിക്കാതെ കഴിഞ്ഞിരുന്ന കാലഘട്ടമായി നമുക്ക് ഈ ലോക് ഡൗണ് കാലത്തെ വിശേഷിപ്പിക്കാം. ഒരു പക്ഷെ ബന്ദിപ്പൂർ വനത്തിലെ മൃഗങ്ങൾക്കും അപകടങ്ങൾ കുറഞ്ഞ കാലം ഇതായിരിക്കും.

3- കരുതലാണ് കേരളം
——————————–——

അതിർത്തിയി ലക്‌ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു …

നാലു സ്ഥലങ്ങളിൽ ആണ്  പരിശോധനകൾ നടക്കുന്നത് എന്നു മുൻപ് കേട്ടിരുന്നു. ആദ്യം കാട്ടിൽ വെച്ചു വാഹനത്തിന്റെ നമ്പർ ഫോറസ്റ് ഡിപ്പാർട്ട്‌മെന്റിനു പറഞ്ഞു കൊടുക്കുന്ന ചടങ്ങ് നടത്തി.യാത്രാ പാസിന്റെ പ്രിന്റുമായിട്ടാണ്  ഇറങ്ങിയത്. പിന്നെയാണ് അതിന്റെ സ്ഥലം ഇവിടെയല്ല എന്നു മനസിലായത്!
യാത്രാ പാസിന്റെ നിരവധി കോപ്പികളിൽ ഒന്നു വെറുതെ നശിപ്പിക്കേണ്ടി വന്നില്ല. ആർക്ക് പാസുകൾ എടുത്തു കാണിച്ചാലും, തിരിച്ചു  ആ പാസ് വണ്ടിയിൽ കയറ്റില്ല എന്നു ഭീഷ്മ പ്രതിജ്ഞ എടുത്തിട്ടാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.ഇനിയെങ്ങാനും പേപ്പർ വഴി…..

തുടർന്ന് വാഹനം മുന്നോട്ടെടുത്തു.

അധികം വൈകാതെ സംസ്ഥാന  അതിർത്തിയോട് വണ്ടി അടുത്തു.പാസിന്റെ പ്രിന്റിൽ തൊടാതെ പൊലീസ് ഡീറ്റൈൽസ് നോക്കി. കർണാടക അതിർത്തി കടന്നു കേരളത്തിൽ  വാഹനം എത്തിയെന്ന് പണ്ടു തിരിച്ചറിഞ്ഞിരുന്നത് റോഡിന്റെ ദയനീയ അവസ്ഥയിൽ നിന്നായിരുന്നു. ഇന്നത് കേരള പോലീസിന്റെ ഉത്തരവാദിത്വ പെരുമാറ്റം വഴിയായി എന്നതാണ് അതിർത്തിയിൽ കണ്ടറിഞ്ഞ അടിസ്‌ഥാനമായ വ്യതാസം.

അല്പം പോയാൽ ,വഴിയിൽ കോവിഡ് സെൻറർ  ഉണ്ടെന്ന് പോലീസ് അറിയിച്ചു. അപ്പോൾ അവിടെയാണ് വിശദമായ പരിശോധന!!

തുടർന്ന് വഴിയിൽ വാഹനം ഡിസ് ഇൻഫെക്ഷൻ ആക്കാനുള്ള ലായനി സ്‌പ്രേ ചെയ്യുന്ന ചടങ്ങ് ആയിരുന്നു!!!  വേഗം വാഹനത്തിന്റെ വിൻഡോ ഗ്ലാസ് അടച്ചത് കൊണ്ടു ബുദ്ധിമുട്ട് ഉണ്ടായില്ല.

അധികം വൈകാതെ ,കാത്തുകാത്തിരുന്ന കോവിഡ് സെന്ററിന്റെ അടുത്തെത്തി. ബസ്സുകൾ അടക്കും 10 ഓളം വാഹനങ്ങൾ മുന്നിൽ നിർത്തിയിട്ടിട്ടുണ്ട്. ഞങ്ങളുടെ വാഹനത്തിൽ കുട്ടിയെ കണ്ടപ്പോൾ തന്നെ ഉദ്യോഗസ്ഥർ ഓടി വന്നു! ഒരാൾ പോയി ക്യുവിൽ നിന്നാൽ മതിയെന്നും, ബാക്കിയുള്ളവർ പരിശോധന സമയത്ത് മാത്രം വാഹനത്തിൽ നിന്നും ഇറങ്ങിയാൽ മതിയെന്നും അവർ അറിയിച്ചു.

എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്നറിയാതെ ക്യുവിൽ പോയി നിന്നു. ഇരുപതോളം ആളുകൾ മുന്നിലുണ്ട്. കോട്ടയത്തേക്ക് കൂർഗിൽ നിന്നും പോകുന്ന ഒരു ചേട്ടനെ പരിചയപെട്ടു. അതിർത്തികൾ അടയ്ക്കപ്പെട്ടതിന്റെ പരാതി അനുഭവസ്ഥർ പറയുന്നത് കേൾക്കുമ്പോൾ ആ അവസ്ഥയുടെ തീക്ഷ്ണത ശരിക്കും തിരിച്ചറിയാം.എന്തു പരിശോധനയാണ് നടക്കാൻ പോകുന്നത് എന്ന ധാരണ ആർക്കും ഇല്ലെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. സ്വാബ് ടെസ്റ്റിംഗ് ആണോ, അതോ ആന്റി ബോഡി ടെസ്റ്റിംഗ് ആണോ കോവിഡ് സെന്ററിൽ നടക്കുക എന്ന തീക്ഷ്ണമായ ചർച്ച അവിടെ അലയടിച്ചു നിന്നു. ക്യുവിൽ ദൂരപരിധി വെച്ചത് നന്നായി. അല്ലെങ്കിൽ ചർച്ചയിൽ ആവേശം കൊണ്ട് കോവിഡിനെ വഴിയിൽ നിന്നും വീട്ടിൽ കൊണ്ടു പോന്നേനെ!

മൊത്തം ഒന്നര മണിക്കൂർ മുത്തങ്ങായിലെ കോവിഡ് സെന്ററിൽ ചിലവഴിച്ചു. അവിടെ മൂന്ന് സ്ഥലത്താണ് നമ്മൾ വിവരങ്ങൾ കൊടുക്കേണ്ടത് .അതായത് മൂന്നു ക്യുവിൽ മാറി മാറി പോയി നിൽക്കണം. മൂന്നിടത്തും ഒരേ വിവരങ്ങളാണ് കൊടുക്കേണ്ടത്. പേര്, വരുന്ന സ്‌ഥലം ,പോകുന്ന സ്ഥലം ,ആരോഗ്യ അവസ്‌ഥ ഇവയാണ് അവിടെ നൽകേണ്ട വിവരങ്ങൾ. മൂന്നാമത്തെ കൗണ്ടറിൽ    temperature പരിശോധിക്കും. സംശയം തോന്നിയാൽ സ്വാബ് ടെസ്റ്റിംഗ് സൗജന്യമായി നടത്തും.  അവിടെ  ക്വാറന്റൈൻ നിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള കൃത്യമായി വിവരങ്ങളും നൽകണം.അടുത്ത 28 ദിവസങ്ങളിൽ പുലർത്തേണ്ട ഉത്തരവാദിത്വ ജീവിതചര്യകളെ കുറിച്ചു അവർ വിശദീകരിച്ചു.

‘ആദ്യ 14 ദിവസം റൂം  കൊറന്റിൻ  ആണ് നിൽക്കേണ്ടത്.പാസ് ലഭിച്ചു വന്നവർ വീട്ടിലെ ഒരു റൂമിൽ തന്നെ ഇരിക്കണം. മാത്രമല്ല ആ വീട്ടുകാരും  വീടിനു പുറത്ത് പോകരുത്. അടുത്ത 14 ദിവസത്തെ ഹോം ക്വാറന്റൈൻ എന്നു വിളിക്കാം.പാസ് ലഭിച്ചു  വന്നവർ വീട്ടിനു പുറത്ത് പോകാൻ പാടില്ല.എന്നാൽ വീട്ടുകാർക്ക് വീടിനു പുറത്തു പോകാം. ‘

തുടർന്നു കോവിഡ് സെന്ററിൽ നിന്നും മുത്തങ്ങ വഴിയാണ് വന്നത് എന്നതിനു ഒരു ചെറിയ രസീത് തന്നു.

കൃത്യമായി മാസ്‌ക് ,ഗ്ലൗസ് ധരിച്ച സ്റ്റാഫ്!!
ഇടവേളകളിൽ നടക്കുന്ന ക്ലീനിംഗ് !!
എന്ത്‌ സംശയം ഉണ്ടെങ്കിലും സഹായത്തിനു ഓടി വരാൻ തയ്യാറായി നിൽക്കുന്ന വോളണ്ടിയർമാർ !!
സാമൂഹ്യ അകലം പാലിച്ചുള്ള  ക്യു !!!
സാനിറ്റൈസർ സൗകര്യങ്ങൾ !!
സൗജന്യമായുള്ള ഭക്ഷണ വിതരണം !!
മാന്യമായ പെരുമാറ്റം!!

മുത്തങ്ങയിലെ കോവിഡ് സെന്റർ ഒരു മികച്ച ആരോഗ്യ മാതൃക തന്നെയാണ്.

അങ്ങിനെ കോവിഡ് സെന്ററിനോട് വിട പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങളുടെ കൂടെ അധികമായി ആരും വരുന്നില്ല  എന്ന ഉറപ്പിക്കാനായി കൂടെ കൊണ്ടു വന്ന സാനിറ്റൈസർ  ധൂർത്ത് എന്ന പോലെ ഉപയോഗിച്ചു…

ഇതിനിടയിൽ  യാത്രപാസിന് രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വന്നു.

‘Covid 19 Jagratha: Completed health check up at Muthanga checkpost  on 13-06-2020 10:01 AM”

ഞങ്ങളുടെ വീടുകളിൽ പ്രായമായവരും, കുട്ടികളും ഉള്ളതു കൊണ്ട് നാട്ടിൽ താമസിക്കാൻ ചില  തയ്യാറെടുപ്പുകൾ ഒരുക്കിയതിനു ശേഷമാണ് ഞങ്ങൾ ബാംഗ്ലൂരിൽ യാത്ര തുടങ്ങിയത്.  താമസത്തിന് കൂടെ വേറെ ആളില്ലാത്ത ഒരു  വീട് ക്വാറന്റൈൻ കാലത്തേക്ക് ഞങ്ങൾ തീരുമാനിച്ചിരുന്നു.

പുതിയ ക്വാറന്റൈൻ വീട്ടിൽ വന്ന ശേഷം ആദ്യമായി ചെയ്തത് വാർഡു മെംമ്പറെ വിളിക്കുകയാണ്.അദ്ദേഹം വാർഡിന്റെ ഉത്തരവാദിത്വമുള്ള  ആരോഗ്യ പ്രവർത്തകയുടെ മൊബൈൽ  നമ്പർ തന്നു. അവർക്ക് ഞങ്ങളുടെ വിവരങ്ങൾ മൊത്തം കൈമാറി.ആരോഗ്യ പ്രവർത്തക ഞങ്ങളുടെ വിവരങ്ങൾ പൊലീസിന് കൈമാറി. അടുത്ത ദിവസം മുതൽ ഞങ്ങളുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു കൃത്യമായ ഇടവേളകളിൽ ഇവർ മൊബൈലിൽ വിളിക്കാൻ തുടങ്ങി.ചുരുക്കത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ഇവിടെ ഉള്ളത് കൊണ്ടാണ് കോവിഡിനു കേരളത്തിനെ സ്വന്തം നീരാളി കൈയിൽ കിട്ടാതെ പോയത്.

ഇന്ന് ലോകം കോവിഡിനൊപ്പമുള്ള ജീവിതത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. കോവിഡിനൊപ്പമുള്ള ജീവിതത്തിൽ ,കേരളത്തിനെ മുന്നോട്ട്‌ നയിക്കാൻ ആരോഗ്യ പ്രവർത്തകരോടു  ഒപ്പം സാമൂഹിക അകലം പാലിച്ചു കൊണ്ടു നമുക്കും കൈകോർക്കാം….

ജോഗ്ഗ് വെള്ളച്ചാട്ടം ( Jog Water Falls )

കർണ്ണാടകയിലെ ഷിമോഗയില്‍ ഉള്ള ജോഗ് വെള്ളച്ചാട്ടത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ഹൈസ്കൂൾ പഠനകാലത്ത് സാമൂഹ്യ പാഠം ടെക്സ്റ്റ് ബുക്കിലൂടെയാണ്. ഇതിന്‍റെ പ്രത്യേകതയെന്നത് ഉയരത്തിൽ ഇന്ത്യയിൽ ഇതിനു രണ്ടാം സ്ഥാനത്ത് ആണെന്നത് തന്നെ. ഒന്നാം സ്ഥാനക്കാരിയുള്ളത് അങ്ങു Seven sisters ന്‍റെ മടിത്തട്ടിലാണ്.

DSC07947

ബാംഗ്ളൂർ താമസം ആയ നാളുമുതൽ പലപ്പോഴായി ആഗ്രഹിച്ച സ്ഥലമാണ് ഷിമോഗ ജില്ലയിലെ Gerusoppa എന്നു നാട്ടുകാർ വിളിക്കുന്ന Jog water falls. ആഗ്രഹിക്കുക മാത്രമല്ല ആ സുന്ദരിയെ കാണാനും പലപ്പോഴും ശ്രമിച്ചിരുന്നു. ഓരോ വട്ടവും ഓരോരോ നെടുന്യായങ്ങൾ പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.അവസാനം ഇപ്പോഴാണ് ഒന്നു പിടി തന്നത്‌. ഒറ്റ നോട്ടത്തിൽ തന്നെ മയക്കി കളഞ്ഞു ! അടുത്ത യാത്ര മേഘാലയയില്‍ ഒന്നാം സ്ഥാനക്കാരിയെ കാണാന്‍ തന്നെയെന്ന് തീരുമാനം എടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല.രണ്ടാം സ്ഥാനക്കാരി ഇങ്ങനെയെങ്കിൽ ഒന്നാം സ്ഥാനക്കാരിയെ കാണാതെ എങ്ങനെ പിന്മാറാൻ പറ്റും?

മേഘാലയയിലെ Nohkalikai Falls ആണ് ആ പറഞ്ഞ ഒന്നാം സ്ഥാനക്കാരി!

ചുമ്മാ അങ്ങു ഓടി ചെന്നാലൊന്നും Gerusoppa യുടെ ദർശന സൗഭാഗ്യം കടാക്ഷിക്കില്ല . കാലവും, സമയവും അനുഗ്രഹിക്കണം. കാലമെന്ന് പറയുമ്പോൾ മഴക്കാലത്ത് പോകണം. അതായത് ജൂണ്-ഒക്ടോബർ സമയത്ത് തന്നെ.സമയമെന്നു പറയുമ്പോൾ കോട മാറി നിൽക്കുന്ന സമയം.

DSC07810

ഈ ലഹരി ആസ്വദിക്കാൻ മഴയുള്ള മാസത്തിൽ പോയത് കൊണ്ടായില്ല. ജലം അതിന്‍റെ നാഥയെ തേടി വരുന്ന നിമിഷം തന്നെ, തേടി പോകണം !! ആനന്ദ നിര്‍വിധിയുടെ പൂർത്തീകരണം തേടി ശരാവതി നദി ആർത്തലച്ച് ഓടി വരുന്ന ആ നിമിഷം!
അതായത് സമീപത്തെ Linganamakki dam തുറന്നു വിടുമ്പോൾ
ശരാവതി നദിയിലെ ജലം ജോഗിനെ തേടി ഒഴുകി വരുന്ന നിമിഷം.
അപ്പോഴത്തെ gerusoppaയുടെ ഗംഭീര്യത്തെ എങ്ങനെ വർണ്ണിച്ചലാണ് അധികമാവുക?

DSC07757

കോടയോട് സൊറ പറഞ്ഞു ഇരിക്കുന്ന ജോഗിനെ അസൂയയോടെ അല്ലാതെ നോക്കി നിൽക്കാൻ പറ്റില്ല.
അവരുടെ സന്തിപ്പ് ജോഗിനെ കാണാന്‍ വരുന്ന ആർക്കും അത്ര ദഹിക്കില്ല. ഇടക്ക് അവൾ ഒന്നു മുഖം കാണിച്ചു പെട്ടെന്ന് തന്നെ ഒളിച്ചു കളയും. എല്ലാം കോടയും, അവളും തമ്മിലുള്ള നിശ്ചയ പ്രകാരം ആണെന്ന് നമുക്ക്‌ അറിയാം. തൊട്ടും തലോടിയുമുള്ള അവരുടെ ആ നില്‍പ്പ് ആരെയും ഒന്നു ആലോസരപെടുത്തും .

850 അടി ഉയരത്തിൽ നിന്നുമാണ് ശരാവതിയുടെ പ്രവാഹ ധാര താഴോട്ടു പതിക്കുന്നത്.3 കുത്വബ്‌ മീനാറുകൾ കുത്തനെ വെച്ചാലുള്ള ഉയരം!!
ജോഗിൽ നാലു ചുണകുട്ടികളാണ് നമ്മളെ കാത്തിരിക്കുന്നത്. അവരെ വിളിക്കുന്നത് Raja, Roarer, Rocket , Rani എന്നാണ് അവരെ വിളിക്കാറ്.

അലസയായി ഷിമോഗയിൽ ഒഴുകുന്ന ശരാവതി അതിവേഗത്തിൽ നാഗവല്ലി ആയി മാറുന്ന കാഴ്ചയാണ് ഒരർത്ഥത്തിൽ ജോഗ് നമുക്കായി ഒരുക്കി വെച്ചിട്ടുള്ള പ്രകൃതിയുടെ രഹസ്യം..
– Basanth Ap

DSC07666

Current Status:
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും, ഞങ്ങൾ പോയത് September അവസാനം(22/Sept/2019) ആയിരുന്നു. നീരൊഴുക്ക് ശുഷ്കിച്ചു തുടങ്ങിയിരുന്നു .ആ ക്ഷീണഭാവം മാറാൻ ക്ഷണനേരം മതി. ഒരു മഴ വന്നാൽ തീരാവുന്ന ക്ഷീണം മാത്രം.

Where to Stay:
താമസത്തെ കുറിച്ചു പറയുമ്പോൾ കർണ്ണാടക ടൂറിസം Department
നടത്തുന്ന Kstdc Mayura Gerusoppa ആണ് ആദ്യ പരിഗണനയിൽ വരുന്ന ഒരു സ്‌ഥലം. ബെഡ് റൂമില്‍ നിന്നും വെള്ളച്ചാട്ടം കാണാവുന്ന സൌകര്യമുണ്ട്. അതിനു സമീപം തന്നെയുള്ള കർണ്ണാടക Forest Department നടത്തുന്ന Sharavathi Adventure camp ഉം പരിഗണിക്കാവുന്നതാണ്. പിന്നെയുള്ളത് അല്പം അകലെയായി സാഗര എന്ന സ്ഥലത്ത് ഉള്ള താമസ സൗകര്യങ്ങൾ ആണ്.

How to go:
ബാംഗ്ളൂർ നിന്നും ട്രെയിന്‍ വഴിയും ,റോഡ്‌ മാർഗ്ഗം വഴിയും അങ്ങോട്ട് പോകാവുന്നതാണ്.
ട്രെയിനിൽ പോകാൻ താത്പര്യം ഉള്ളവർക്ക് Mysore – Talaguppa Express(16227/16228) വളരെ സൗകര്യപ്രദമാണ്.
രാവിലെ 7.30 AM ഓട് കൂടി തൽഗുപ്പായിൽ(Talguppa) എത്തുന്ന ട്രെയിൽ ആണിത്.
റോഡു വഴി ആണെങ്കിൽ Tumkur, Ariskere, Badravathi, Shimoga root നോക്കാവുന്നതാണ്.അല്ലെങ്കിൽ ദാവെങ്കര വഴിയും പോകാം.

DSC07900

Nearby Tourist places

ഈ സ്ഥലങ്ങളെ ഉൾപെടുത്തികൊണ്ടു യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.
ഇതിൽ ആദ്യത്തെ നാലുസ്ഥലങ്ങളും ഒറ്റ ദിവസത്തെ യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്.

1)Nipli Falls(21km)
2)Dabbe Falls(22km)
3)Ikkeri(40km)
4) Sigandur Choudeshwari Temple(81km)

5)Tiger & Lion Safari
6)Honnavar(72km)
7)Mookambika(87km)
8)Agumbe(147km)

#jog #jogwaterfalls #shimoga

ഡെൽഹിയിലൊരു കറക്കം -Tips

വീട്ടുകാരേയും കൊണ്ടുള്ള താജ്മഹൽ യാത്ര വളരെ കാലത്തെ ഒരു ആഗ്രഹമായിരുന്നു. അങ്ങിനെ നമ്മുടെ പയ്യന്റെ പിറന്നാൾ പ്രമാണിച്ച് ഒരു യാത്ര നടത്താൻ ആലോചന തുടങ്ങിയപ്പോൾ ഡൽഹി തന്നെ എന്നു തീരുമാനമെടുത്തു .വീട്ടുകാരെയും കൊണ്ടു ഒരാഴ്ച നീണ്ട ഡൽഹി യാത്രയുടെ പ്ലാനിങ് അവിടുന്നു തുടങ്ങി. ‎വീട്ടുകാർ എന്നു പറയുമ്പോൾ ഭാര്യയും,ഞാനും ,പയ്യനും,പിന്നെ ഞങ്ങൾ രണ്ടു പേരുടെയും അച്ഛനമ്മമാരും. മൊത്തം പയ്യനടക്കം 7 പേരു. ആദ്യ കടമ്പ എവിടെയൊക്കെ പോകണം, എങ്ങനെ യാത്ര ചെയ്യണം തുടങ്ങിയവ ആയിരുന്നു. ലക്ഷ്യസ്ഥാനത്ത് കണ്ടിരുന്നത് രാഷ്ട്രപതി ഭവന്, മുഗൾ ഗാർഡൻ, താജ് മഹൽ , അമൃത്സർ, വാഗാ ബോർഡർ, കുത്തബ്മിനാർ , റെഡ് ഫോർട്ട് , ഹുമയൂൺ ടോംബ് തുടങ്ങിയവ ആയിരുന്നു.

തുടർന്ന് കുറച്ചു ദിവസങ്ങൾ, നെറ്റിൽ സ്ഥലങ്ങളെ കുറിച്ചു തിരയുക ആയിരുന്നു പ്രധാന ജോലി. പല ട്രാവൽ ഏജൻസികളുടെയും പാക്കേജ് വായിച്ചു.അതിൽ നിന്നും നല്ല പ്ലാനുകൾ നോക്കി വെച്ചു. നിരവധി യാത്രാ വിവരണങ്ങൾ വായിച്ചു. തുടർന്ന് ഒരു പ്ലാൻ സ്വന്തം നിലയിൽ ഉണ്ടാക്കി.പ്ലാനിൽ പ്രധാനമായും ശ്രദ്ധിച്ച കാര്യങ്ങൾ ഇവിടെ കുറിക്കുന്നു

ഡൽഹി

1. ഡൽഹിയിൽ തിങ്കളാഴ്ച മിക്കവാറും ടൂറിസ്റ്റ് സെന്ററുകൾ അടഞ്ഞു കിടക്കുകയായിരിക്കും.

2. ‎ ശനിയും ഞായറും ടൂറിസ്റ് സെന്ററുകളുടെ അടുത്തേക്ക് പോകരുത്. വലിയ തിരക്ക് ആയിരിക്കും.

3.ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ അവരു നോക്കിനടത്തുന്ന നിർമിതികളുടെ ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്.Q നിന്ന് സമയം കളയണ്ട ആവശ്യം തീരെയില്ല.

4. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഫെബ്രുവരി മുതൽ മാർച്ച് വരെ പൊതുജനങ്ങൾക്ക തുറന്നു കൊടുത്തിരിക്കുകയാണ്.

5. ‎ ശനിയാഴ്ച രാഷ്ട്രപതിഭവൻ സന്ദർശിച്ചാൽ Guard Changing Ceremony യും, അശോകഹാളും, ദർബാർ ഹാളും ഉൾപ്പെടുന്ന Circuit 1 tour ഉം നടത്താം.

6.ഡൽഹി മെട്രോ പരമാവധി ഉപയോഗപെടുത്താവുന്നതാണ്. എയർപോർട്ട് നിന്നും ടാക്സി ഇല്ലാതെ നേരിട്ട് സിറ്റിയിൽ മെട്രോ വഴി വരാവുന്നത്‌ ആണ്. അതിനു പുറമേ ഡൽഹിയിലെ മിക്കവാറും സ്ഥലങ്ങളിലേക്ക് നല്ല connectivity മെട്രോക്ക് ഉണ്ട്.

7.നേരത്തെ ബുക്ക് ചെയ്താൽ കുറഞ്ഞ കാശിനു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടും. ട്രയിനിനെ അപേക്ഷിച്ച് വൻ സമായലാഭം. 3 മണിക്കൂർ കൊണ്ട് ബാംഗ്ലൂർ നിന്നും ഡൽഹി പിടിക്കാം.

8.താജ്മഹൽ വെള്ളിയാഴ്ച കാണാൻ സാധിക്കില്ല. സന്ദർശന നിയത്രണമുണ്ട്.പ്രാർത്ഥനക്കു വേണ്ടി നാട്ടുകാർക്കു മാത്രം അന്നു മാറ്റി വെച്ചിട്ടുണ്ട്.

9.വാഗ ബോർഡർ കാണാൻ working day മാത്രം പോവുക. ശനി ,ഞായർ ദിവസങ്ങൾ നല്ല തിരക്ക് ആയിരിക്കും.

10. അക്ഷർധാം വൈകീട്ട് 7 മണിക്ക് ഉള്ള വാട്ടർ ഷോ കാണാൻ പറ്റുന്ന രീതിയിൽ പോവുക.

11.അക്ഷർധാം പോവുമ്പോൾ കയ്യിൽ ഒന്നും കൊണ്ടു പോവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ലോക്കർ റൂമിന്റെ ആവശ്യം വരില്ല. അവിടുത്തെ Q അങ്ങിനെ ഒഴിവാക്കാം.

12. താജ്മഹൽ രാവിലെ നേരത്തെ തന്നെ പോവാൻ ശ്രദ്ധിക്കുക. തിരക്ക് ആപ്പോൾ കുറവായിരിക്കും.
13. ‎ഭക്ഷണസാധനങ്ങൾ ASI യുടെ കീഴിലുള്ള സ്ഥലങ്ങളിൽ അനുവദനീയം അല്ല. വെള്ളം ഒഴികേയുള്ള വസ്തുക്കൾ വാഹനത്തിൽ വെച്ചു പോവുക.

14. ‎ പൗരാണിക നിർമിതികളിൽ guide നെ ഉപയോഗപ്പെടുത്തിയാൽ കാര്യങ്ങൾ മനസ്സിലാക്കി ആസ്വദിച്ചു യാത്ര ചെയ്യാം. അല്ലെങ്കിൽ അതു വെറും ഒരു കെട്ടിടം എന്ന രീതിയിൽ ആസ്വദിക്കേണ്ടി വരും.

15. പോകേണ്ട ഓരോ സ്ഥലത്തും എത്ര സമയമാണ് ചിലവഴിക്കാൻ വേണ്ടത് എന്നു ആദ്യമേ മനസ്സിലാക്കി വെക്കുക. തുടർന്ന് അവിടെ എത്തുമ്പോൾ തിരക്കിന്റെ അടിസ്‌ഥാനത്തിൽ പ്ലാനിൽ പുനഃക്രമീകരണങ്ങൾ നടത്തുക.

16.അമൃത്സറിലേക്ക് ഡൽഹിയിൽ നിന്നുമുള്ള യാത്ര രാത്രിയിൽ ആക്കിയാൽ സമായലാഭം ഉണ്ട്. ക്ഷീണം ഉണ്ടാവില്ല. ഞങ്ങൾ ട്രെയിനിൽ ആയിരുന്നു പോയത്‌.മടക്കവും അങ്ങിനെ തന്നെ.

17.ഡൽഹിയിൽ നിന്നും ആഗ്രയിലേക്കോ ,തിരിച്ചോ ഒരു തവണയെങ്കിലും Gathiman ട്രെയിൻ ഉപയോഗിക്കുക. ഇൻഡ്യയിലെ ഇപ്പോളത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ ആണ്. വൃത്തിയും വെടിപ്പുമുള്ള ട്രെയിൻ എന്നു പറയാം.

18.Uber/Ola തുടങ്ങിയ ടാക്സികൾ പരമാവധി ഉപയോഗപ്പെടുത്തുന്നത്‌ ആണ് പുറമേ നിന്നും വണ്ടി വിളിക്കുന്നതിലും ലാഭവും സുരക്ഷയും.

19. രാഷ്‌ട്രപതി ഭവൻ കാണാൻ അവരുടെ website പോയി നേരത്തെ ബുക്ക് ചെയ്യുക.

20. ഓരോ സ്ഥലത്തും ഉള്ള നല്ല റെസ്റ്റോറന്റ് ,ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ നേരത്തെ മനസിലാക്കി വെക്കുക. ആഗ്രയിലെ പാഞ്ചി പേദ, ഡൽഹിയിലെ കരിം ഹോട്ടൽ തുടങ്ങിയവയുടെ ലിസ്റ്റ് പോകുന്നതിനു മുൻപ് തന്നെ സ്വന്തം താത്പര്യം അനുസരിച്ച് ഉണ്ടാക്കുക.

ഞങ്ങളുടെ യാത്ര തുടങ്ങിയത് ഒരു തിങ്കളാഴ്ച രാത്രിയായിരുന്നു.തിരിച്ചു ഞായറാഴ്ച വരുന്ന രീതിയിൽ കാര്യങ്ങൾ

പ്രിയദർശന്‍റെ കുഞ്ഞാലി മരയ്ക്കാരും, ഹൊയ്സാല ശില്പകലയിലെ ദൂരദര്‍ശിനിയും

ടെലസ്കോപ്പ് ആണല്ലോ ഇപ്പോഴത്തെ താരം!!!

ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയാണ് പ്രിയദർശന്‍റെ കുഞ്ഞാലി മരക്കാർ പോസ്റ്റർ കടന്നു വന്നത്. പല ചോദ്യങ്ങൾളും ഉയർന്നത് കുഞ്ഞാലി മരക്കരുടെ കയ്യിലെ ടെലസ്കോപ്പിനെ ചുറ്റി പറ്റി തന്നെ.

 

AD 1608ൽ മാത്രം കണ്ടുപിടിച്ച ടെലസ്കോപ്പ് എങ്ങിനെ AD 1500 കളിൽ ജീവിച്ചിരുന്ന കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന സിനിമയിൽ എങ്ങിനെ കാണിക്കും എന്നതാണ് പ്രധാന ചോദ്യം. മരയ്ക്കരുടെ കഥാപാത്രം ടെലസ്കോപ്പ് ഉപയോഗിച്ചപ്പോൾ തുറന്നു പിടിച്ച ഇടംകണ്ണിനെ കുറിച്ചും കുറെ ചർച്ചകൾ കണ്ടു. മരയ്ക്കാരുടെ വസ്ത്ര ധാരണം വേറെ ഒരു വിഷയം. ഇതിൽ നമുക്ക് ടെലസ്കോപ്പ് ചരിത്രം തന്നെ വിശകലനം ചെയ്യാം. ഈ ടെലസ്കോപിന്‍റെ ചരിത്രം ഇപ്പോള്‍ പറയുന്നത് പോലെ AD 1608 ൽ നിന്നു തുടങ്ങണോ , അതോ കല്ലിൽ കൊത്തി വെച്ച തെളിവായി നിലനിൽക്കുന്ന AD 1200 ൽ നിന്നും തുടങ്ങാണോ?

കുഞ്ഞാലി മരയ്ക്കാർ എന്നു പറയുമ്പോൾ, നമ്മൾ ഓർക്കേണ്ടതു ഒന്നല്ല നാലു പേരെയാണ്.1500 മുതൽ 1600 വരെയുള്ള കാലഘട്ടത്തിൽ മൊത്തം 4 കുഞ്ഞാലി മരയ്ക്കാമാരാണ് ജീവിച്ചിരുന്നത്. ഇതിനിടയിൽ പോർട്ടുഗീസുകാർ കടന്നു വന്നു!!! യുദ്ധങ്ങൾ പലത് നടന്നു!!! കോട്ട കോതളങ്ങൾ പലതും ഉയർന്നു!!! പലതും തകർന്നു വീണു!!! കുഞ്ഞാലി മരയ്ക്കാരുമായി സാമൂതിരി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു!!!1498 ൽ വാസ്‌ഗോഡിഗാമ കച്ചവടത്തിനു സാമൂതിരിയുടെ കോഴിക്കോട് കപ്പലിറങ്ങി. അവരുടെ കയ്യിലിരിപ്പു മനസ്സിലാക്കിയ സാമൂതിരി 1500 ൽ തന്നെ സ്ഥലം വിട്ടോളോൻ ഉള്ള തിട്ടൂരവും കൊടുത്തു. തുടർന്ന് അവർ കൊച്ചി രാജാവുമായി അടുത്തു. അതു എത്തി ചേർന്നത് സാമൂതിരിയുടെ കൊച്ചി പെരുമ്പടവ് സ്വരൂപം ആക്രമണത്തിൽ ആണ്. കൊച്ചി രാജാവിനെ സഹായിക്കാൻ പോർച്ചുഗീസ്കാർ ഇറങ്ങി. അങ്ങിനെ ഒരു വശത്ത് യുദ്ധങ്ങൾ കെങ്കേമമായി നടന്നു. ഇതിനിടയിൽ കേരളത്തിൽ കോട്ടകൾ പലതും നിർമ്മിച്ചക്കപ്പെട്ടു. യുദ്ധകാഹളങ്ങൾ ഉയർന്നതു കോട്ടയ്ക്ക് ചുറ്റുമായിരുന്നു.കുറെ കൂടി വ്യക്തമാക്കിയാൽ കോട്ടയ്ക്ക് വേണ്ടി തന്നെ ആയിരുന്നു. കൊച്ചിയിലെ മാനുവൽ കോട്ട, കണ്ണൂരെ അഞ്ചലോസ് കോട്ട,കോഴിക്കോട്ടെ ചാലിയം കോട്ട, മരക്കാർ കോട്ട അങ്ങിനെ കേരളത്തിൽ കോട്ടകൾ പലതും ഉയർന്നു. അധികാര പ്രാമാന്ന്യത്തിനു കോട്ടകൾ അവശ്യ ഘടകമായി മാറി. 1600 ൽ അവസാനത്തെ കുഞ്ഞാലി മരയ്ക്കാറെ പോർട്ടുഗീസുകാർ തൂക്കിലേറ്റി. ചുരുക്കത്തിൽ 1500നും 1600 നു ഇടയിലാണ് കുഞ്ഞാലി മരയ്ക്കാർമാരുടെ കാലഘട്ടം.

ഇങ്ങിനെ ലോകത്തിന്റെ ഒരു വശത്തു സുഗന്ധവിളകളുടെ വ്യാപാരത്തിനായുള്ള യുദ്ധം നടക്കുമ്പോൾ, മറുവശത്ത് മറ്റുചില സംഭവങ്ങൾ നടക്കുന്നുണ്ടായിരുന്നു.കൃത്യമായി പറഞ്ഞാൽ പോർട്ടുഗീസുകാരുടെ നാട്ടിൽ നിന്നും 2000 km അപ്പുറം നേതർലാൻഡിൽ ( ഡച്ചുകാരുടെ നാട്ടില്‍) ആണ് ഇപ്പോൾ നമ്മൾ നിൽക്കുന്നത്. 1608 ൽ ടെലസ്കോപ്പ് കണ്ടു പിടിച്ചതിനുള്ള പേറ്റന്റ് കിട്ടാനുള്ള അപേക്ഷ കൊടുത്തു ഇവിടെയുള്ള ഹാൻസ് ലിപ്പേർഷെ എന്ന വ്യക്തി.1609 ൽ ഇതു കേട്ടറിഞ്ഞ ഗലീലിയോ സ്വന്തമായി ഒരു ടെലിസ്കോപ് നിർമ്മിച്ചു വാനനിരീക്ഷണം നടത്തി കൊണ്ടിരുന്നു. നമ്മുടെ വിഷയത്തിലേക്ക് തന്നെ വരാം. 1608 ൽ പേറ്റന്റ് എടുക്കാൻ ശ്രമിച്ച വസ്തു 1500കളിൽ ജീവിച്ചിരുന്ന നാവികൻ ഉപയോഗിക്കുമോ???

നമുക്ക് 1498 ൽ ഒരു പോര്ട്ടുഗീസുകാരന്‍ കാപ്പാട് കടപ്പുറത്ത് തുടങ്ങിയ കഥ ഇപ്പോൾ എത്തി നിൽക്കുന്നത് 1608 ലെ ഒരു ഡച്ചുകാരന്‍റെ പേറ്റന്റ് വിവരത്തില്‍ ആണ്. നമുക്ക് അല്പം കൂടി പിന്നോട് നടക്കാം. ഡല്‍ഹി ഭരിച്ചിരുന്ന അലവുദ്ധീൻഗിൽജിയുടെ കാലത്തേക്ക് പോവാം. മംഗോളുകളെ തകർത്ത ശേഷം ഗിൽജിയുടെ പടനായകൻ മാലിക് ഗഫൂർ ഭാരതത്തിന്‍റെ തെക്കോട്ട് സമ്പത്ത് തേടിയുള്ള ഉള്ള യാത്ര തുടങ്ങി.(പുള്ളിയെ സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയിൽ വ്യക്തിമായി കാണിച്ചിട്ടുണ്ട്).മാലിക് ഗഫൂറിന്‍റെ ആ പടയോട്ടത്തിൽ യാദവന്മാരും, കകതീയരും, ഹൊയ്സാലരും , പാണ്ഡ്യരും വിയർത്തു. AD 1311 ലാണ് അലവുദ്ധീൻ ഗിൽജിയുടെ പടനായകൻ ഹൊയ്സാലരുടെ സാമ്രാജ്യം കൊള്ള അടിക്കുന്നത്. അമൂല്യമായ സമ്പത്തുമായാണ് മാലിക് ഗഫൂർ ഡൽഹിക്ക് മടങ്ങിയത്.

മാലിക് ഗഫൂര്‍ കൊള്ളയടിച്ച സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നും നമുക്ക് കാണാം. കർണാടകയിൽ ആണ്, കൃത്യമായി പറഞ്ഞാൽ ഹംപിയിലാണ് ഈ സ്ഥലം. കര്‍ണാടകയില്‍ ബേലൂർ , ഹലീബീഡ്,ഹമ്പി എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളില്‍ ആണ് പ്രധാനമായും ഹൊയ്സാല ശില്‍പകല കാണാൻ ഉള്ളത്. ഹസ്സന് അടുത്തു ഉള്ള ഹൊയ്സാല/കേശവ ക്ഷേത്രങ്ങൾ നിർമിച്ചത് 1100-1200 നും ഇടയിൽ ഉള്ള കാലഘട്ടത്തിൽ ആണ്.അതായത് ടെലസ്കോപ്പിന് പേറ്റന്റ് എടുക്കുന്നതിനു 400 കൊല്ലം മുൻപ് ബാംഗ്ലൂരിൽ നിന്നും നിന്നും 200 കിലോമീറ്റർ മാത്രമേ ഹലീബീഡിലേക്ക് ഉള്ളൂ..

IMG_4869_akkoli.com'

കല്ലില്‍ കവിത രചിച്ച നഗരമാണ് ഹലെബീട് എന്ന് പറയാം. നമ്മുടെ സാംസ്‌കാരിക മഹിമയെ കുറിച്ച് പല അത്ഭുത കാഴ്ചകളും ഇപ്പോഴും സമ്മാനിക്കുന്ന നാടാണ് ഇവിടം. അവിടെ ഉള്ള പല നിർമ്മിതികൾ ഒന്നാണ് ‘ദൂരദര്‍ശിനി പോലുള്ള ഒരു ഉപകരണത്തിൽ അകലങ്ങളിലേക്ക് നോക്കുന്ന ഈ വനിതാ ശിൽപ്പം’. സംഭവം അങ്ങിനെയാണ് ഈ ശില്‍പം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത് . എനിക്ക്(akkoli.com) വിശദീകരിച്ചു തന്നെ ഗൈഡും അങ്ങിനെ തന്നെയാണ് പറഞ്ഞത്. നിങ്ങളും ഒന്ന് സൂക്ഷിച്ചു നോക്കൂ !!!! തോന്നുന്നില്ലേ?

ഏതു രാജ്യക്കാർ ഉപയോഗിച്ച വസ്തുവാണ് ഈ ദൂരദര്‍ശിനി എന്നൊന്നും പറയാൻ ആവില്ല. കാരണം ഈ പ്രതിമകൾ ഇപ്പോഴും ഒരു പാട് രഹസ്യങ്ങൾ നമ്മോടു പറയാതെ ഒളിക്കുന്നുണ്ട്. ജപ്പാൻകാർ ഉപയോഗിക്കുന്ന വിശറിയും, ഇന്ത്യയിൽ കാണാത്ത ജിറാഫും,അന്നു ഇൻഡ്യയിൽ ഉപയോഗം ഇല്ലാത്ത ചോളവും,വ്യത്യസ്ത കേശാലങ്കാര പ്രയോഗങ്ങളും എല്ലാം ഹൊയ്സാലയ ശിൽപ്പകലയിൽ കയറി വരാൻ കാരണം എന്താവും ? പല രാജ്യങ്ങളും സന്ദര്‍ച്ചു വരുന്ന സഞ്ചാരികളുടെ ഒരു നിര തന്നെ ഹൊയ്സാല രാജ്യവംശത്തിന്‍റെ പ്രതാപ കാലത്തിനു നമ്മോടു പറയാന്‍ ഉണ്ട് !!!!!! സ്വാഭാവികമായും അവരെ തന്നെ നമുക്ക് സംശയിക്കാം……

അപ്പോൾ ഒരു ചോദ്യം ബാക്കി നിൽക്കുന്നു!!!!!!!

നമുക്ക് ഈ ടെലസ്കോപിന്‍റെ ചരിത്രം 1608 ൽ നിന്നും തുടങ്ങണോ , അതോ 1200 ന്‍റെയും പിന്നിൽ നിന്നു തുടങ്ങാണോ??

കാനന പാതയിലൂടെ ഒരു ശബരിമല യാത്ര

തീർഥാടന വിശുദ്ധിയുടെ മാസമാണ് വൃശ്ചികം. അയ്യപ്പ സ്തുതിഗീതങ്ങൾ പുലർച്ചെകളെ ആരതി ഉഴിയുന്ന മലയാള മാസം. ഇന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അന്യസംസ്ഥാനക്കാർ വരുന്ന സമയമാണിത്. അങ്ങിനെ നോക്കുമ്പോൾ വഴിയോര കച്ചവടക്കാരുടെ ആഘോഷ നാളുകൾ കൂടിയാണ് തണുപ്പ്‌ നിറഞ്ഞ വൃശ്ചികമാസം. ഭഗവാനും, ഭക്തനും ഒന്നാണെന്ന സത്യമാണ് തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനയാത്രയിലൂടെ ശബരിമല നമ്മോട് പറയുന്നത്. ശിരസ്സിൽ ഇരുമുടി കെട്ടും, മനസ്സിൽ കലിയുഗം വരദനും, ചുണ്ടിൽ ശരണഘോഷങ്ങളും നിറയുന്ന യാത്രയാണിത്‌.

ഐതീഹ്യങ്ങളും ,ചരിത്രവും, കെട്ടുകഥകളും നിറഞ്ഞതാണ് ഓരോ യാത്രകളും. കാനന മാര്‍ഗ്ഗത്തിലൂടെയുള്ള ശബരിമല പാതക്കും നമ്മളോട്  ഒരുപാട് കഥകൾ പറയാനുണ്ട്. അതിൽ ചിലത് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്.ചിലത് വായ്മൊഴിയായി പകർന്നു വന്നതാണ്. മറ്റുചിലത് ചരിത്രമാണ്. ഐതിഹ്യ വഴിയിൽ നിന്നും നമുക്ക് ചില കഥകൾ കേൾക്കാം.

ഒരുപാട് നിയന്ത്രണങ്ങൾ നിറഞ്ഞ ഒരു ജീവിതചര്യയാണ് ശബരിമല തീർത്ഥാടന കാലഘട്ടം.‎ലളിതമായ ജീവിതമായിരിക്കണം. വ്രതം തുടങ്ങിയാൽ തലമുടിവെട്ടരുത്. താടിവടിക്കരുത്. കാമ ക്രോധ വികാരങ്ങളും നിയന്ത്രിക്കണം. കറുപ്പാണ് വസ്ത്രം. ഭക്ഷണം സസ്യാഹാരം ആയിരിക്കണം .ശരണ ഘോഷങ്ങൾ ജപിച്ച് കൊണ്ടിരിക്കണം. മുദ്ര ധരിക്കണം. ഇങ്ങനെ ഒരുപാട് നിയമവ്യവസ്ഥകൾ ഉള്ള വ്രത കാലഘട്ടം.

മാലയിടുന്ന ഭക്തനെ സ്വാമിയായി തന്നെ കണക്കാക്കുന്ന ആചാരം ചാന്ദോഗ്യോപനിഷത്തിലെ തത്വമസി എന്ന മഹാവാക്യത്തിന്റെ അന്തസത്ത ഉൾ കൊള്ളുന്നതാവുന്നു. ചരിത്രത്തിലേക്ക് നോക്കിയാലും ശബരിമലയ്ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്. ജാതി വ്യവസ്ഥ കൊടി കുത്തിവാണ നമ്മുടെ നാട്ടിൽ, സവർണർക്കു മാത്രം ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്ന കാലത്തും ശബരിമലയിൽ അവർണർക്ക് ആരാധനാസ്വാതന്ത്ര്യംഅനുവദിക്കപ്പെട്ടിരുന്നു.

നിരവധിമാർഗങ്ങളുണ്ട്ശബരിമലയിലേക്ക്.അതിൽ  ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗപ്പെടുത്തുന്നത് പമ്പ വരെ  വാഹനത്തിൽ യാത്ര ചെയ്തു, തുടർന്നു പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള ദൂരം(5km) നടന്നു കയറുന്നതാണ് .മറ്റു വഴികളെ  പറ്റി പറയുമ്പോൾ പ്രധാനമായും നമുക്കുള്ളത് രണ്ടു മാർഗങ്ങളാണ്.എരുമേലിയിൽ നിന്നും തുടങ്ങി പമ്പ വഴി സന്നിധാനം വരെ എത്തുന്ന മാർഗം.ഈകാനന പാതയെയാണ് പരമ്പരാഗതമായ  ശബരിമല യാത്ര എന്നു വിളിക്കുന്നത്. മൊത്തം 42km ആണ്പമ്പ വരെ ഈയാത്രയിൽകാൽനടയായിസഞ്ചരിക്കേണ്ടത്.പുല്ലുമേട് വഴിയുള്ളതാണ് മറ്റൊരുപ്രധാനമാർഗം.

നമ്മുടെ ഇന്നത്തെ യാത്ര എരുമേലി വഴിയുള്ള  42 കിലോമീറ്റർ വന പാതയിലൂടെയാണ്. ആദ്യം തന്നെ യാത്രയുടെ ഒരു രൂപരേഖ പറയാം. (Day 1) ബാംഗ്ലൂരിൽ നിന്നും രാത്രി   ട്രെയിനിൽ കയറി പിറ്റേദിവസം രാവിലെ കോട്ടയത്ത് എത്തിച്ചേരുന്ന വിധമാണ് ഞങ്ങളുടെ യാത്ര ക്രമീകരിച്ചത്. (Day2) തുടർന്നു തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും കെട്ടുനിറ നിറച്ചശേഷം എരുമേലിയിലേക്ക് ബസ് കയറണം. എരുമേലിയിൽ വവർ പള്ളിയിലും ,ശാസ്താ ക്ഷേത്രത്തിലും കയറിയ ശേഷം ഉച്ചക്ക് കാൽനടയാത്ര തുടങ്ങുക. ഇടക്ക് അഴുതായിൽ ഒരു വിശാലമായ സ്നാനം. രാത്രിയോടെ കല്ലിടാംകുന്ന് താവളത്തിൽ എത്തിച്ചേരുക. (Day3) അടുത്ത ദിവസം രാവിലെ പദയാത്രയുടെ രണ്ടാംഘട്ട തുടങ്ങുന്നു. അന്ന് 24 കിലോമീറ്റർ യാത്ര ചെയ്തു ആദ്യം പമ്പയിൽ എത്തുക തുടർന്നു പമ്പയിൽ കുളിച്ച് Virtual ക്യൂ വിൽ സീല്‍ വാങ്ങി യാത്രയുടെ മൂന്നാം ഘട്ടം തുടങ്ങുക. പമ്പയിൽ നിന്നും തുടങ്ങി സന്നിധാനം വരെയുള്ള 5 കിലോമീറ്റർ ആണ് ഇതിൽ യാത്ര നടത്തേണ്ടത്. തുടർന്ന്  ഭഗവത് ദർശനത്തിനുശേഷം  സന്നിധാനത്ത് ഉള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുക. (Day4) അടുത്തദിവസം രാവിലെ യാത്രയുടെ നാലാം ഘട്ടം തുടങ്ങുകയായി. സന്നിധാനത്തു നിന്നും  പമ്പയിലേക്കുള്ള ഇറക്കമാണ് ഈ ഘട്ടത്തിൽ ഉള്ളത്. തുടർന്നു പമ്പയിൽ നിന്നും കോട്ടയത്തേക്ക് ബസ് യാത്ര. അന്നു വൈകിട്ട്  ഉള്ള ബാംഗ്ലൂർ ട്രെയിനിലെ മടക്കയാത്ര. അടുത്ത ദിവസം രാവിലെ ബാംഗ്ലൂരിൽ  തിരിച്ചു എത്തുക.ഇതായിരുന്നുഞങ്ങളുടെ യാത്രയുടെ ഒരുചെറുരൂപം.

കാനന യാത്ര ആയതുകൊണ്ടുതന്നെ കൃത്യമായ വ്രതം നേരത്തെ തന്നെ എല്ലാവരും തുടങ്ങിയിരുന്നു. ഒൿടോബർ അവസാനത്തെ  ആഴ്ച മുതൽ തങ്ങളുടെ വ്രതം തുടങ്ങിയിരുന്നു.കൃത്യമായ പ്രഭാത സവാരിയും പതുക്കെ തുടങ്ങി. 2 ദിവസം കൊണ്ട് 40 കിലോമീറ്ററിൽ അധികം നടക്കണമെന്നതു തന്നെ പ്രഭാതസവാരി നിർബന്ധമാക്കാൻ ന്യായമായ കാരണമായിരുന്നു. അങ്ങിനെ 41 ദിവസങ്ങൾ പച്ചക്കറികളിലൂടെ കടന്നുപോയി. പുറമെനിന്നുള്ള ജങ്ക് ഫുഡും ഒഴിവാക്കി. മറ്റു വ്രതനിഷ്ഠകളും കൃത്യമായിത്തന്നെ പാലിക്കാൻശ്രമിച്ചു.

ശബരിമല ചരിത്രാതീതകാലം മുതൽതന്നെ  തീർഥാടനകേന്ദ്രണ്. അങ്ങിനെയാണെങ്കിലും രാമായണത്തിലെ ശബരീപീഠം ഇവിടെ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാൻ ആവില്ല. എന്നാൽ ശാസ്താവാണു  രേഖപ്പെടുത്തിയ ചരിത്രത്തിൽ ഇവിടുത്തെ ആദ്യത്തെ ആരാധന മൂർത്തി. ഉത്തര ഭാരതത്തിലെ  ആയിരക്കണക്കിന് ഹിന്ദു ദേവി-ദേവസങ്കലപ്പങ്ങളില്‍   ‘ശാസ്താവ്’ എന്നൊരു പേരു ഉൾപെടുന്നില്ല. എന്നാൽ ദക്ഷിണ ഭാരതത്തിൽ ‘ശാസ്താവ്’ എന്ന നാമം പ്രചുരപ്രചാരം ഉള്ള സങ്കല്പമാണ്. ഇതിനു പുറമെ ഹൈന്ദവ സങ്കല്പങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളായി കരുതുന്ന ഉപനിഷത്തുക്കള്‍, വേദങ്ങള്‍,ഇതിഹാസങ്ങള്‍ തുടങ്ങിയവയില്‍ ഒരിടത്തും ശാസ്താവ് എന്ന ദേവതാ സങ്കല്പം പരാമര്ശിക്കപ്പെട്ടിട്ടില്ല. എന്നാൽ പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ ബ്രഹ്മാണ്ട പുരാണത്തിലെ ‘ഭൂത നാഥ ഉപാഖ്യാനം’ ത്തിൽ നിന്നാണ്‌ ശാസ്താ സങ്കല്പം രേഖപ്പെടുത്തി തുടങ്ങുന്നത്‌ എന്നു പറയാം.

അയ്യപ്പനെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും  അതിൽ പ്രചുര പ്രചാരം നേടിയ കഥതന്നെ നമുക്കെടുക്കാം. ആലങ്ങാട്ടിനു കീഴിലുള്ള ചെമ്പോല കളരിയിലായിരുന്നു അയ്യപ്പന്റെ ആയുധാഭ്യാസ പഠനം. കരിമലയിൽ താമസിച്ചിരുന്ന   ഉദയനൻ എന്നൊരു കൊള്ളക്കാരൻ മറവപടയെ വെച്ചു വ്യാപാരികളെ ഉപദ്രവിക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് ആയിരം മല കാട്ടിലൂടെ  പാണ്ഡ്യ രാജ്യത്തേക്ക് ചരക്ക് ഗതാഗതം നിലനിന്നിരുന്നു . ആ വ്യാപാരികൾ ആയിരുന്നു ഉദയനന്റെ ലക്‌ഷ്യം.  പന്തളത്ത് മടങ്ങിയെത്തിയ അയ്യപ്പൻ കായംകുളം രാജ്യത്തോട് കൊള്ളക്കാരെ അമർച്ച ചെയ്യാൻ സഹായം അഭ്യർത്ഥിക്കുന്നു. വാവർ എന്ന കടൽ കൊള്ളകാരനെ നിലയ്ക്ക് നിർത്താൻ അയ്യപ്പന് കഴിഞ്ഞാൽ സഹായം നൽകാമെന്ന് അവർ ഏൽക്കുന്നു.തുടർന്ന് നടന്ന  യുദ്ധത്തിൽ  വാവർ അയ്യപ്പനോട് പരാജയപ്പെടുന്നു. പിന്നീട്‌ വാവർ അയ്യപ്പന്റെ സുഹൃത്തതായി മാറുന്നു. തുടർന്ന് പന്തളം, കായകുളം സൈന്യവുമായി അയ്യപ്പനും, വാവരും, കടുത്തയും,കറുപ്പണ്ണയും കാടുകയറുന്നു. അവർ അഴുതക്ക് സമീപമുള്ള ഇഞ്ചിപാറയിലെ കോട്ട വളയുകയും, ഓര്‍ക്കാപുറത്തുള്ള ആക്രമണത്തിലൂടെ മറവപടയെ കീഴ്പ്പെടുത്തി തുരത്തിയോടിക്കുകയുംചെയ്യുന്നു. തുടർന്ന് നടന്ന യുദ്ധത്തിൽ ഉദയനൻ കൊല്ലപ്പെടുന്നു.യുദ്ധത്തിൽ വിജയം വരിച്ചതറിഞ്ഞു എരുമേലിയിൽ അമ്പലപ്പുഴ സംഘം ആദ്യവും,കാട്ടിൽ നിന്നും തിരിച്ചെത്തിയ ആലങ്ങാട് സംഘം രണ്ടാമതും നടത്തിയ ആഹ്ലാദ നൃത്തത്തിന്റെ ഓർമ്മപുതുക്കൽ ആണ് ഇന്നും എരുമേലി പേട്ട തുള്ളൽ എന്ന പേരിൽ ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങൾനടത്തുന്നത് എന്നൊരു വിശ്വാസമുണ്ട്.
യുദ്ധശേഷം അയ്യപ്പന്‍ ശരംകുത്തി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആലിന്‍റെ ചുവട്ടില്‍ ആയുധം ഉപേക്ഷിക്കുകയും, തുടർന്ന് ശബരിമലയിലേക്ക് നടന്നുനീങ്ങി ശാസ്താവിൽ വിലയംപ്രാപിച്ചുവെന്നുമാണ് വിശ്വാസം.

മണ്ഡലക്കാലതാണ്ഞങ്ങളുടെ ശബരീശരദർശനം.നമ്മുടെ നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ ഇവിടെ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയുംആദ്യത്തെഅഞ്ചുദിവസങ്ങളിലുംഇപ്പോൾ സന്ദർശനമനുവദിക്കുന്നു.

യാത്ര പ്ലാൻ ചെയ്യുമ്പോൾ മൊത്തം 6 പേര് ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ യാത്രാ ദിവസമായപ്പോഴേക്കും അത് 8 പേരായി. സാധാരണ യാത്രകളിൽ യാത്രികരുടെ എണ്ണംകുറയാറാണ്പതിവ്. കൊല്ലം, ഇടുക്കി ,എറണാകുളം, കോഴിക്കോട് ,കണ്ണൂർ  ചെന്നൈ, മധുര, ബംഗ്ലൂർ എന്നിങ്ങനെ പല നാട്ടുകാർ,പല ഭാഷക്കാർ.മൂന്നു സംസ്ഥാന ങ്ങളിൽ ജനിച്ചു വളർന്നവർ. ഞങ്ങൾ പലരും പരസ്പരം പരിചയപ്പെട്ട് തന്നെ ട്രെയിനിൽ വച്ചാണ് . ചെന്നൈയിൽ നിന്നുള്ള ത്യാഗരാജനു  ഇത് പതിനേഴാമത്തെ വട്ടത്തെ കലിയുഗ വരദനെ തേടിയുള്ള യാത്രയാണ്. പരസ്പരം പരിചയപ്പെട്ടപ്പോൾ സാബ്രദായിക രീതിയിൽ സ്വാമി വിളിയിൽ ആയിരുന്നു സംസാരിച്ചു തുടങ്ങിയത്. എന്നാൽ തിരിച്ചു പോരുമ്പോൾ പല പേരുകളും മാറിയിരുന്നു. പൊറോട്ട സ്വാമി, എ സി സ്വാമി, സോഡാ സ്വാമി ഇങ്ങിനെ പോയി പുതു നാമങ്ങൾ. പുതിയ പേരിനു പിന്നിലുള്ള കഥകൾ വഴിയേ പറയാം.

ഞങ്ങളുടെ കെട്ടുനിറ കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു.
കെട്ടുമുറുക്കുന്ന ചടങ്ങുകളെ കുറിച്ചും അല്പം പറയാം.
കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ചിത്രം വെയ്ക്കും.  ഇരുമുടി കെട്ടിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഓരോന്നായി എടുത്ത് കെട്ടിവെയ്ക്കുന്നതാണ് ചടങ്ങ്.
അങ്ങിനെ വെക്കുമ്പോൾ മുൻകെട്ടിൽ വഴിപാട് സാധനങ്ങളും, പിൻകെട്ടിൽ ഭക്ഷണ സാധനങ്ങളുമാണ് വെക്കേണ്ടത്.ഇരുമുടി കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള നെയ്ത്തേങ്ങ,അരി , അവൽ, മലർ,തേങ്ങാ, മഞ്ഞൾപൊടി തുടങ്ങിയ പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. ഇരുമുടിയെടുത്ത് അയ്യപ്പനെ മനസിൽ ധ്യാനിച്ച് ശരണംവിളിച്ചു വേണം കെട്ടുമുറുക്ക്തുടങ്ങാൻ.അഭിഷേകപ്രിയനെ പ്രാർഥിച്ചാണ് നെയ്ത്തേങ്ങ നിറയ്ക്കുന്നത്.  നാളികേരത്തിൽ ആദ്യത്തെ നെയ്യ് ഒഴിച്ചു കൊടുക്കേണ്ടതും കൊണ്ട് പോവുന്ന  ഭക്തനാണ്. നെയ് നിറച്ച ശേഷം കോർക്കുകൊണ്ട് അടച്ച് അതിനു മുകളിൽ പർപ്പടകം നനച്ച് ഒട്ടിക്കണം. അന്നദാന പ്രഭുവിനെ ശരണംവിളിച്ച് കെട്ടിൽ മൂന്നുതവണ അരിയിടണം. തെളിച്ച നിലവിളക്കിനു മുന്നിൽ വെറ്റിലയും പാക്കും നാണയവുമായി പൂർവികരെഓർത്ത്ദക്ഷിണവെയ്ക്കണം.

തിരുനക്കരഅമ്പലത്തിൽഗണപതിക്കു തേങ്ങ ഉടച്ചു ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടങ്ങി. ഇപ്പോൾ സമയം രാവിലെ 10.30AM. ഞങ്ങളുടെ ലക്ഷ്യം നേരെ എരുമേലിയാണ്. എരുമേലിയിലാണ് പ്രസിദ്ധമായ ശാസ്താക്ഷേത്രവും, വാവരു സ്വാമിയുടെ പള്ളിയും സ്ഥിതിചെയ്യുന്നത് .ഐതിഹ്യത്തിലേക്കാണ് നമ്മൾ  കടക്കുന്നതെങ്കിൽ മഹിഷി മർദ്ദനം നടന്ന സ്ഥലമാണ് എരുമേലി. ഞങ്ങൾ നേരെ കൊച്ചാമ്പലത്തിൽ കയറി. തുടർന്ന് വാവരു പള്ളിയിലേക്ക് കയറി. സമയം പന്ത്രണ്ടര. വെള്ളിയാഴ്ച . അതെ പള്ളിക്കകത്ത് ജുമാ നിസ്ക്കാരം നടക്കുകയാണ് . ഒന്നു വലം വച്ചശേഷം,പള്ളിയിൽ നിന്നും ഇറങ്ങി. അടുത്ത ലക്ഷ്യം എരുമേലിയിലെ വലിയ ശാസ്താ ക്ഷേത്രം തന്നെ. പേട്ടതുള്ളി കൊണ്ടാണ് ഭക്തജനങ്ങളുടെ വരവും പോക്കും വരവും. നേരെ പോയി തൊഴുതു. ഞങ്ങൾ തൊഴുതു ഇറങ്ങുമ്പോഴേക്കും നടയടച്ചുരുന്നു. ആദ്യമായാണ്  നടതുറന്നിരിക്കുമ്പോൾ എരുമേലിയിൽ തൊഴാൻ പറ്റുന്നത്. ഇവിടെ അയ്യപ്പസേവാ സംഘത്തിന്റെ പേരിൽ അന്നദാനം ഉണ്ടായിരുന്നു. നേരെ തന്നെ അന്നദാന കൗണ്ടറിലേക്ക് പോയി ഭക്ഷണം കഴിച്ചു- പയർ ഇട്ട കഞ്ഞി. ഇപ്പോൾ നന്നായി കഴിച്ചാലേ ഇന്നത്തെ നടത്തത്തിനുള്ള ആരോഗ്യം കിട്ടൂ. ഇന്നത്തെ ദിവസം 20KM ഓളം നടക്കാനുണ്ട്. ഞങ്ങൾ സുഭിക്ഷമായി തന്നെ ഭക്ഷണം കഴിച്ചു.

കൊച്ചമ്പലത്തിൽ നിന്നാണ് പേട്ട തുള്ളൽ ആരംഭിക്കുന്നത്. ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് റോഡിന് എതിർവശത്തുള്ള വാവരു പള്ളിയിൽ കയറി , പ്രദക്ഷിണംവെച്ച് കാണിക്കയിട്ട് വാവരു സ്വാമിയെ പ്രാർഥിച്ച് ഇറങ്ങി നേരെ വലിയമ്പലത്തിലേക്ക് . അവിടെ പ്രദിക്ഷിണംവെച്ചാണ് പേട്ടതുള്ളൽ പൂർത്തിയാക്കുക.
എരുമേലി അമ്പലത്തിനു  മുന്നിലൂടെ പോകുന്ന  അരുവിയിലെ വെള്ളം കണ്ടപ്പോൾ സങ്കടം തോന്നി .ഇത്രമാത്രം മാലിന്യമോ?വലിയ ഒഴുക്കുമില്ല! ലക്ഷക്കണക്കിന് ഭക്തർ ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇതിലെ വരും  എന്ന് അറിയാത്തവരല്ല ഈ ആറു സംരക്ഷിക്കാൻ വേണ്ടപ്പെട്ടവർ- അത് ആരായാലും. എന്നാലും കുളിക്കേണ്ടവർക്ക് അവിടെ നീളത്തിൽ ഷവർ ഒരുക്കിയിട്ടുണ്ട് . ഭക്തർക്ക് നിന്നു കൊണ്ട് കുളിക്കാം. നദിയിൽ ഇറങ്ങേണ്ട ആവശ്യമില്ല. എന്നാൽഇതൊന്നും പുഴ  മലിനമായി കിടക്കുന്നതിന് ന്യായീകരണമല്ല.

പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ.

തിരിഞ്ഞുനോക്കാതെഞങ്ങൾനടന്നുതുടങ്ങി.ഒരുപാട് ദൂരം നടക്കാനുണ്ട്. 41 ദിവസത്തെ വൃതത്തിന്റെ സാഫല്യം തേടിയുള്ള യാത്രയാണ്. മഴ മാറി നിൽക്കുന്നുണ്ട്. കാർമേഘങ്ങളെ അടുത്തൊന്നും കാണുന്നില്ല. ഇപ്പോഴത്തെ നടത്തം ടാറിട്ട റോഡിലൂടെയാണ് .കുറച്ചുകഴിഞ്ഞാൽ അത് സിമന്റ് റോഡ് ആവും. തുടർന്നു മണ്ണ് റോഡിലേക്ക് . അതും കഴിഞ്ഞാൽ  മണ്ണ് നടപ്പാത. പിന്നെ കാട്ടുപാത. ഞങ്ങളുടെ അടുത്ത ലക്ഷ്യം  പേരൂർ തോടാണ്.  വലിയ കൈതച്ചക്ക തോട്ടങ്ങൾ വഴിയില്‍ കണ്ടു.  കടല വിൽക്കുന്നവരെയും , തണ്ണിമത്തൻ വിൽക്കുന്നവരെയും ഇതിനിടയിൽ ധാരാളം കണ്ടു. അങ്ങനെ ഞങ്ങളുടെ  യാത്രയുടെ ആദ്യ പോയിന്റ് എത്തി- പേരൂർ തോട്.അവിടെ അല്പസ്വല്പം കടകൾ ഉണ്ട്.പേരൂർതോട് പൊരിവിതറൽ വഴിപാട്‌ നടത്തിയാണ് ഭക്തർ യാത്രതുടരാറ്.

‎പല വേഗത്തിൽ നടക്കുന്നവരായിരുന്നു ഞങ്ങൾ 8 പേരും. വേഗത്തിൽ പോയവർ നേരത്തെ പറഞ്ഞതിന് പ്രകാരം  പേരൂർ തോടിൽ കാത്ത് നിലക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ അവിടെ ഒത്തുചേർന്നു. തുടർന്ന് കടയിൽ കയറി  കപ്പയും ചമ്മന്തിയും കഴിച്ചു.  ഒത്തുചേരാനുള്ള അടുത്ത് ലക്ഷ്യസ്ഥാനം ഇതിനിടയിൽ അവിടെവെച്ച് തീരുമാനിച്ചു -കാളകെട്ടി. അവിടെയൊരു  ശിവപാർവ്വതി ക്ഷേത്രമുണ്ടു  . കൂടുതൽ ആളുകൾ ഒന്നിച്ചുള്ള പദയാത്രയ്ക്ക് ഇങ്ങനെ മീറ്റിങ്ങ് പോയിന്റുകൾ  കണ്ടു വയ്ക്കുന്നതാണ്  നല്ലത് എന്ന് തോന്നുന്നു . എല്ലാവർക്കും ഒരേ വേഗത്തിൽ നടക്കാൻ പറ്റില്ല എന്നതുതന്നെ കാരണം. ചിലർ സമതല പ്രദേശത്ത് വേഗത്തിൽ നടക്കുന്നവർ ആണെങ്കിൽ മറ്റു ചിലർ ഇറക്കത്തിൽ ആയിരിക്കും വേഗത്തിൽ നടക്കുന്നത്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയെ അനുസരിച്ച് ഇതെല്ലാം മാറിക്കൊണ്ടിരിക്കും.

അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനി ടാറിട്ട വലിയറോഡിൽനിന്നും ഇറങ്ങാം. ഇനിയുള്ള വഴികൾ ചെറുതാണ്. പല മണ്ണ് പാതകളും സിമന്റ്നു വഴിമാറി കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കണ്ട ക്ഷേത്രങ്ങളില് കയറി തൊഴുതു. പ്രധാനമായും ഒരു കയറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം സമതലപ്രദേശങ്ങളിൽ കൂടിയുള്ള യാത്ര തന്നെ . അങ്ങനെ നാല് മണിയോടെ കാളകെട്ടിയിൽ ഒത്തുചേർന്നു. ഇപ്പോഴത്തെ പ്രധാന ചർച്ച ഇന്നത്തെ രാത്രി അഴുതയിൽ താമസിക്കണമോ, അതോ അതിനടുത്ത താവളമായ കല്ലിടാംകുന്നിൽപോയിതാമസിക്കണോ എന്നതായിരുന്നു. ചർച്ചയിലെ പ്രധാന വാദങ്ങൾ ഇവയൊക്കെയായിരുന്നു.അഴുതയിൽ താമസിക്കുകയാണെങ്കിൽ രാവിലെ അഴുതാ നദിയിൽ കുളിക്കാം . അങ്ങിനെയാവുമ്പോൾ രാവിലെ കല്ലിടാംകുന്നിലേക്ക് വരെയുള്ള  കയറ്റം കയറണം.അതു ക്ഷീണം ഉണ്ടാക്കും. എന്നാൽ വൈകീട്ട് തന്നെ കല്ലിടംകുന്ന്നു കയറിയാൽ ക്ഷീണം ഉറങ്ങി തീർക്കാം.അതിനു പുറമെ നാളത്തെ കരിമല കയറ്റം പൂർണ്ണ ആരോഗ്യത്തോടെ നടത്തുകയും ആവാം.പ്രശ്നം കല്ലിടാംകുന്നിലെ സ്നാനം തന്നെ. കഥ വഴിയേപറയാം.

ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് കാളകെട്ടിയിലെ ശിവപാർവതി ക്ഷേത്രത്തിനു മുന്നിലാണ്. മണികണ്ഠന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം ശിവ പാർവതിമാർ ഇവിടെയിരുന്നാണ് വീക്ഷിച്ചതെന്നാണ് ഐതിഹ്യം.മഹിഷിയെ നിഗ്രഹിച്ച മണികണ്ഠനെ കാണാൻ ശിവപാർവ്വതിമാർ കാള പുറത്ത് എത്തിയെന്നും ,കാളയെ കെട്ടിയ സ്ഥലമെന്ന രീതിയിൽ ആണ്  കാളകെട്ടി എന്ന സ്ഥലനാമം ലഭിച്ചത് എന്നുമാണ് ഐതിഹ്യം. കാളയെ കെട്ടിയതെന്ന് ഭക്തജനം വിശ്വസിക്കുന്ന ആഞ്ചിലിമരം ക്ഷേത്രവളപ്പിൽ തന്നെയുണ്ട്.
ഞങ്ങൾ എല്ലാവരും നല്ലോണ്ണം തന്നെ വിയർക്കുന്നുണ്ട്. അഴുതയിലെ കുളി ഈ ഘട്ടത്തിൽ അത്യാവശ്യമാണ് .അഴുതയെ കുറിച്ച് പറയുമ്പോൾ നല്ല ഒഴുക്കുള്ള വെള്ളമാണ്. മഴക്കാലത്ത് കരകവിഞ്ഞു ഒഴുകുന്ന നദിയാണ്.  വഴിയിൽ ഇടയ്ക്ക് ശരണം വിളികളുമായി ഒറ്റക്കും കൂട്ടായും അയ്യപ്പൻമാരെ  കണ്ടു. വന പാതയിലൂടെയുള്ള സീസൺ ആയിട്ടില്ല എന്ന് തോന്നുന്നു. പലയിടത്തും ടെന്റുകൾ കെട്ടി തുടങ്ങുന്നതേയുള്ളൂ. മകരവിളക്ക് സമയത്ത് ഇതുവഴി  വൻതിരക്കായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഇടംവലം നോക്കാതെ നടന്നു. അഞ്ചരക്ക് മുമ്പ് തന്നെ അഴുത കടക്കാനാണ് നിങ്ങളുടെ തീരുമാനം. അതിനുമുമ്പ് ഒരു വിശാലമായ നീരാട്ട് നടത്തണം . അതിന്റെ ശക്തിയും പേറി കല്ലിടാംകുന്നിലെത്തണം.

ആറു മണിക്കു ശേഷം അഴുതാനദി കടത്തി ആരെയും വിടാറില്ല.പോലീസും ഫോറസ്റ്റ് വിഭാഗവും അവിടെയുണ്ട് . നല്ല നിബിഡ വനത്തിലേക്കാണ് അഴുത നദി  കടന്നു നമുക്ക് കയറാനുള്ളതു. രാത്രി ഇതുവഴിയുള്ള യാത്ര വളരെ ആപത്കരമാണ്. നിലവിളിച്ചാൽ പോലും ഓടി വരാൻ ആർക്കും സാധിക്കില്ല. ആനകളുടെയും, മറ്റ് വന്യമൃഗങ്ങളുടെയും സഞ്ചാരമേഖലയാണ്. അടുത്ത താവളം കല്ലിടാം കുന്ന്.  രണ്ടുമണിക്കൂർ യാത്രയാണ് അവിടെ എത്താൻ ഉള്ളത്. അതുകൊണ്ടാണ് ആറു മണി എന്ന കടമ്പ പോലീസ് എഴുതി വച്ചിട്ടുള്ളത്. അഴുതയിൽ നിന്നും കല്ലിടാം കുന്നിലേക്കുള്ള കയറ്റം വളരെ ചെങ്കുത്താന്. അതിനാൽ തന്നെ ആളുകൾ വളരെ വേഗം ക്ഷീണിക്കും. പുലർച്ച ഈ കയറ്റം നിറഞ്ഞുള്ള യാത്ര ഒഴിവാക്കുക എന്ന ഉദ്ദേശവും കല്ലിടാം കുന്ന് ഞങ്ങളുടെ രാത്രി താവള തീരുമാനിച്ചതിനു പിന്നിൽ ഉണ്ടായിരുന്നു.

നാല് മുക്കാലോട് കൂടി ഞങ്ങൾ അഴുതാനദിയിൽ എത്തി.  വിരി വെക്കാൻ ഉള്ള സ്ഥലത്ത് ഇരുമുടിക്കെട്ട് വെച്ചു.ഒരു കട്ടൻ ചായ കുടിച്ച ശേഷം, നീരാട്ട് വിശാലമായി തന്നെ നടത്തി. പുഴയിൽ കുളിച്ച ശേഷം ഉള്ള യാത്രക്ക് ഉന്മേഷം കൂടുതലാണ്. അഴുത നദിക്ക് ശബരിമല ഐതിഹ്യത്തിൽ പ്രമുഖ സ്ഥാനമുണ്ട്. കന്നി അയ്യപ്പന്മാർ അഴുതയിൽ നിന്നും ഉരുളൻകല്ല് പെറുക്കി കല്ലിടാംകുന്നിൽ നിക്ഷേപിക്കണം എന്നൊരു ചടങ്ങുണ്ട്.
അഞ്ചരയോട് കൂടി ഞങ്ങൾ അഴുതയിലെ പാലം കടന്നു. അടുത്ത ഒന്നു രണ്ട് മണിക്കൂർ കുത്തനെ ഉള്ള നടത്തമാണ്. അഴുത മുതൽ ഇഞ്ചിപ്പാറ കോട്ട വരെ കഠിനമായ കയറ്റം തന്നെയാണ്. അതിനു പുറമെ ഇരുട്ടു വ്യാപിച്ചു തുടങ്ങാൻ ആയിട്ടുണ്ട്.   തോൾ സഞ്ചിയിൽ നിന്നും ടോർച്ച് പുറമേക്ക് വരാൻ തുടിച്ചു നിൽക്കുകയാണ്. ആന സഞ്ചാരം ഉള്ള വഴിയാണ്. ഇടക്ക് പഴകിയ ആനപ്പിണ്ടം കണ്ടു. അപ്പോൾ നടത്തത്തിന് ഒരു വേഗം കൂടിയോ? വലിയ മരത്തിന്റെ വേരുകളിലും,  പാറകെട്ടുകളിലും ചവിട്ടിയാണ് മുകളിലോട്ട് ഉള്ള യാത്ര.അഴുത കഴിഞ്ഞാൽ കാടിന്റെ വന്യതയേറും എന്നു പറയുന്നത്‌ വേറുതെയല്ല.ഇതിനിടയിൽ ഞങ്ങൾചില ടെന്റുകൾ  കടന്നു പോയി. ഈ ടെന്റുകൾ മണ്ഡല കാലത്തേക്ക് മാത്രം ഉയരുന്നതാണു. ഇഞ്ചിപ്പാറയിൽ നിന്നും ഉള്ളവരുടെതാണ് ഇവടെയുള്ള ടെന്റുകൾ. യാത്രികർക്ക് വേണ്ട വെള്ളവുംമറ്റു ആവശ്യ വസ്തുക്കളും ഇത്തരം ടെന്റുകളിൽ നിന്നു വാങ്ങാം. ഞങ്ങൾ ഉപ്പിട്ട് സോഡാ ആണ് പ്രധാനമായും വാങ്ങി കുടിച്ചത്.കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സോഡാ കഴിച്ച ആള്‍ക്ക് പുതിയ ഇരട്ടപേരും വീണു. മഴത്തുള്ളികൾ പൊടിഞ്ഞു തുടങ്ങി. ആദ്യം ഞങ്ങൾ അതിനെ അവഗണിച്ചു.  വലിയ മഴ ഉണ്ടായാൽ നാളത്തെ യാത്ര എളുപ്പമാവില്ല എന്ന തിരിച്ചറിവ് ഭയം ജനിപ്പിച്ചോ? കുറച്ചു നേരം ചാറ്റൽ മഴ കാരണം ഒരു ടെന്റിൽ കയറി ഇരുന്നു. മഴകുറഞ്ഞപ്പോൾ നടന്നുതുടങ്ങി.

അഴുതയിൽ നിന്നെടുത്ത ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്ന സ്ഥലം കണ്ടതും , ഇന്നത്തെ താവളം എത്തിയെന്ന തിരിച്ചറിവ് കിട്ടി. ഇപ്പോൾ സമയം 7.35 PM. മൊത്തം 6 മണിക്കൂർനടന്നു. നല്ല ഉയരത്തിലുള്ള സ്ഥലമാണ് കല്ലിടാംകുന്ന്. അതു കൊണ്ടു തന്നെ വെള്ളം നല്ല വിലപിടിപ്പുള്ള സാധനമാണ്. കുളിക്കാൻ 25 രൂപ കൊടുക്കണം. Toilet ഉപയോഗിക്കാനും 25 രൂപ തന്നെ. വിരിയിൽ ഇരുമുടി കെട്ട് വെച്ചു നേരത്തെ എത്തിയ ഞങ്ങളുടെ കൂടെയുള്ള സ്വാമിമാരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. എല്ലാവരുംക്ഷീണിച്ചുതുടങ്ങിയിട്ടുണ്ട്.തുടർന്ന് താവളത്തിൽ നിന്നും ‎ നല്ല ചൂട് കഞ്ഞി  കഴിച്ചു. കൂടെ എരിവുള്ള ചമ്മന്തിയും.കപ്പയും കൂട്ടിനു ഉണ്ടായിരുന്നു. ക്ഷീണം വിട്ടു പോയ വഴി അറിഞ്ഞില്ല എന്നു ആലങ്കാരികമായി പറയാം.എന്നാല്‍ കൂട്ടത്തിലെ ഒരു സ്വാമി അപ്പോളും പോറാട്ടാ തേടി പോയിരുന്നു, ഞങ്ങൾ 8.30PM മണിയോടെ കിടന്നു. വേറെ ഒന്നുംതന്നെ ചെയ്യാനില്ല. മൊബൈലിന്‌ നേരാംവണ്ണം റേഞ്ചു പോലുമില്ല. രാത്രി 2 മണിയോട് കൂടി ഞങ്ങളിൽ പലരും എണീറ്റു. ചില അതിഥികൾ വന്നതറിഞ്ഞു കാടിന്റെ മക്കൾ വന്നതാണ് സംഭവം. ഇങ്ങിനെ ആന വരുന്നത്‌ ഇവിടെ സാധാരണ സംഭവം ആണെന്ന് കടയിൽ ഉണ്ടായിരുന്ന ചേട്ടൻ പറഞ്ഞു. പടക്കം പൊട്ടിച്ചു ആനയെ പറഞ്ഞയച്ചു. കാടിന്റെ മക്കൾ ഒന്നും സംഭിവിക്കാത്തതു പോലെ നടന്നകന്നു. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാൽ ആരും താവളത്തിന് പുറത്ത് വരരുത് എന്നു കടയിലെ ചേട്ടൻ ഉറങ്ങാൻ പോവുന്നതിനു മുൻപ് ഞങ്ങൾക്ക് കൃത്യമായ നിർദേശം നൽകിയിരുന്നു.

രാവിലെ നാലു മണിയോടെ തന്നെ എണീറ്റു. നേരെ പ്രഭാതകൃത്യങ്ങളിലേക്ക് കടന്നു. 2 മാസത്തേക്ക് ഉണ്ടാക്കി താൽക്കാലിക സൗകര്യങ്ങൾ ആണെങ്കിലും നല്ല വൃത്തിയുള്ള സംവിധാനങ്ങൾ. അലുമിനിയം ഷീറ്റ് വെച്ചു ഉണ്ടാക്കിയ മുറികൾ ആണ് പ്രഭാത കൃത്യങ്ങൾ നടത്താൻ ഉള്ളത്. ചെറിയ ഒരു അപകടവും കുളിക്കിടയിൽ എനിക്ക് പറ്റി. അലുമിനിയം ഷീറ്റിൽ കൈ മുട്ട് ഇടിച്ചു .നല്ല വണ്ണം ചോര വന്നു. കുളിക്കാൻ കൊണ്ട് പോയ വെള്ള തോർത്തിന്‍റെ ഒരു ഭാഗം മൊത്തം ചുവന്ന തോർത്ത് ആക്കിയാണ് കൊണ്ടു വന്നത്.  പമ്പയിൽ പോയി TT എടുക്കണം എന്നു  താവളത്തിലെ ചേട്ടൻ ഉപദേശിച്ചു. മുക്കുഴിയിൽ ഒരു മെഡിക്കൽ സെന്റർ ഉണ്ട് .അവിടെ TT സൗകര്യം ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. എല്ലാവരും എണീറ്റപ്പോഴെക്കും സമയം 6AM മണി. പ്രഭാത ഭക്ഷണം മുക്കുഴിയിൽ നിന്നും ആക്കാം എന്നു തീരുമാനിച്ചു. 6.20AM ഓട് കൂടി ഞങ്ങൾ താവളം വിട്ടിറങ്ങി. വഴിയിൽ ഉടനീളം പക്ഷികളുടെ സംഗീതം കേട്ടു. ആകാശം മുട്ടുന്നോ എന്നു തോന്നിക്കുന്ന മരങ്ങൾ വഴിയിൽ ധാരാളമായി ഉണ്ടായിരുന്നു. ഫ്രഷ് ആനപ്പിണ്ടം കണ്ടപ്പോൾ നടത്തത്തിൽ വേഗം കൂടി. മുക്കുഴിയും കരിമലയും ആനകളുടെ സാങ്കേതമാണ്.മുക്കുഴിയിലെ താവളം ആളനക്കം ഉള്ള സ്ഥലമാണ്. അവിടെ നിരവധി കടകൾ ഉണ്ട്. ശരിക്കും അഴുത കഴിഞ്ഞാൽ മുക്കുഴിയാണ് രാത്രി താമസത്തിന് പറ്റിയ സ്ഥലം.  ചെറിയ മെഡിക്കൽ സെന്റര് അടക്കം അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്. മാത്രമല്ല വെള്ളം ധാരണം ഉള്ള സ്ഥലമാണ്. എന്നാൽ കാടിനെ അറിഞ്ഞു പക്ഷികളുടെ ചിലമ്പും കേട്ടു ഉറങ്ങണമെന്നാന്നെങ്കിൽ കല്ലിടാംകുന്നു തന്നെ മികച്ചത്. 40 മിനിട്ടുകൊണ്ടു ഞങ്ങൾ മുക്കുഴി എത്തി. പല വേഗത്തിൽ പോയ ഞങ്ങൾ എല്ലാവരും പരസ്പരം കണ്ടു മുട്ടിയത് മുക്കുഴിയിൽ വച്ചായിരുന്നു.  നടത്തത്തിന്റെ വേഗതയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ 2 സെറ്റുകൾ ആയി മാറിയിരിക്കുന്നു. പുട്ടും കടലയും ആയിരുന്നു പ്രഭാത ഭക്ഷണം. കുളിമുറിയും,ടോയ്‌ലെറ്റ്ഉപയോഗിക്കാനും10രൂപവീതമാണ്ചാർജ്.

8 മണിയോടെ ഞങ്ങൾ മുക്കുഴിയിൽ നിന്നും ഇറങ്ങി. Refrigerator സൗകര്യം ഇല്ലാത്തതു കൊണ്ടു TT അടിക്കാൻ പറ്റിയില്ല. എന്നാൽ മെഡിക്കൽ സെന്റെറിൽ കണ്ട ഡോക്ടർരോട് സംസാരിച്ചപ്പോൾ ബഹുമാനം തോന്നി. മാങ്ങ നിറഞ്ഞ കൊമ്പു താണ് നിൽക്കും എന്നു പറയുന്നത്‌ സത്യം തന്നെ. വിനയത്തോടെ സംസാരിച്ച ഡോക്ടർ ശരണവഴിയിൽ എല്ലാവരും അയ്യപ്പന്മാർ ആണെന്ന ഒരു ഓർമപ്പെടുത്തലായി.
അടുത്ത ലക്ഷ്യ സ്ഥാനം കരിമലയുടെ ടോപ്പ് ആണ്. അവിടെ അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനമുണ്ടു. അവിടെ കാണാം എന്ന പറഞ്ഞു ഞങ്ങൾ പല സംഘങ്ങളായി പിരിഞ്ഞു. വഴിയിൽ പുതുശേരി മന, കരിയിലാം തൊട് എന്നീ സ്ഥലങ്ങൾ കടക്കണം. മുക്കുഴിയിൽ നിന്നും 18km ഉണ്ട് പമ്പയിലേക്ക്. പുതുശേരി യിലേക്ക് 8km,  കരിമലയിലേക്ക് 12km എന്നെല്ലാം വിശദമായി എഴുതിയ ഒരു ബോർഡ് മുക്കുഴിയിലുണ്ട്‌.കരിമല ലക്ഷ്യമാക്കി ഞാൻ മുന്നിൽ പോയി. എനിക്ക്‌ ഉയരം കയറുമ്പോൾ വേഗത കുറവാണ്.അതുകൊണ്ടു സമതലങ്ങളിൽ വേഗത്തിൽ പോയാൽ ,കയറ്റത്തിൽ വേഗം കുറഞ്ഞാലും  അവരുടെ കൂടെ തന്നെ പമ്പയിൽ എത്താം എന്നതായിരുന്നുഉദ്ദേശ്യം.

കരിമല 7 തട്ടായാണ് കിടക്കുന്നത്. കയറുമ്പോൾ നമ്മൾ ഈ തട്ടുകൾ കൃത്യമായി അറിയും . എന്നാൽ ഇറങ്ങുമ്പോൾ ഒരു തട്ട് ആയേ അനുഭവപ്പെടൂ. വന്‍ ഇറക്കം ആണ്. വന്മരങ്ങൾ തണൽ വിരിച്ച വഴികളിലൂടെ കരിമലയുടെ ഉയരങ്ങൾ തേടി ഞങ്ങൾ നടന്നു. മലകയറ്റത്തിലെ കഠിനമായ ഘട്ടം കരിമല എന്നാണ് പറയാറ്. ഇറക്കവും കഠിനം തന്നെ. ശരണം വിളികള്‍ ഏറ്റവും കേട്ടതും കരിമല കയറ്റതിനിടയില്‍ ആയിരുന്നു.
11AM മണിയോടെ ഞങ്ങള്‍ കരിമലയുടെ ടോപ്പിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കൂട്ടത്തിലെ അവസാനസെറ്റ്11.45AMആയപ്പോളെക്കുംഅവിടെഎത്തിചേർന്നു. ഇതിനിടയിൽ ഞങ്ങൾ നല്ല ചൂടുകഞ്ഞി കഴിച്ചു.കൂടെ അച്ചാറും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം ആയിരുന്നത്‌. അവിടെനിന്നുംഅന്നദാനം കഴിക്കാതെ ആരും പോവാറില്ല .കാരണം കരിമല കയറ്റത്തിന്റെ ക്ഷീണം തന്നെ. എല്ലാവരെയും ഒന്നായി കണ്ടു വിളമ്പുന്ന ഈ സേവനതാത്പരതയെ പ്രശംസിക്കാതെവയ്യ.

ഞങ്ങൾആദ്യസംഘംകരിമലയിറക്കംതുടങ്ങിയത്11.45AMഓട്കൂടി. വലിയനവട്ടവും,ചെറിയാനവട്ടവുംകഴിഞ്ഞാൽപമ്പ. പമ്പയിൽ എത്തുമ്പോൾ സമയം1.30PM.

ഞങ്ങൾ പമ്പയിൽ എത്തിയപ്പോൾ ആദ്യമേ പോയതു virtual ക്യൂ വിൽ സീല്‍ വാങ്ങാനാണ്. തുടർന്ന് പമ്പയിൽ നീരാട്ടിനിറങ്ങി. നദിയിൽ നിന്നും മുണ്ടുകൾ പെറുക്കി ഇടാൻവലിയ കോട്ട വച്ചിട്ടുണ്ടായിരുന്നു.. അന്യ സംസ്ഥാന സ്വാമിമാർ കറുപ്പ് മുണ്ടു നദിയിൽ ഒഴുക്കി കളയുന്ന ഒരു പുതിയ ആചാരം കുറച്ചു വർഷങ്ങൾ ആയിതുടങ്ങിയിട്ടുണ്ട്. ഉച്ച ഭക്ഷണം ദേവസ്സ്വത്തിന്റെ അന്നദാന ഹാളില്‍ നിന്ന് തന്നെ.പൊങ്കല്‍ ആയിരുന്നു കഴിച്ചത്. ഞങ്ങള്‍ കഴിച്ചു ഇറങ്ങിയപ്പോളെക്കും ഞങ്ങളുടെ രണ്ടാമത്തെ സംഘവും എത്തിച്ചേരുന്നു. അവര്‍ എത്തിയപ്പോള്‍ സമയം 3.20 PM. അവരെ കാത്തിരിക്കാതെ ഞങ്ങള്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറാം എന്ന് തീരുമാനിച്ചു. എന്നാല്‍ ക്യൂ പമ്പയില്‍ നിന്നും തുടങ്ങിയിരുന്നു. ഒരു മണിക്കൂര്‍ പമ്പയില്‍ തന്നെ വരിയില്‍ നില്‍കേണ്ടി വന്നു. പമ്പാ ഗണപതിയെ തൊഴുതു ഞങ്ങള്‍ മലകയറ്റം തുടങ്ങി. നല്ല തിരക്ക് ആയിരുന്നു.ഡിസംബര്‍ തുടക്കത്തില്‍ ഓഖി ചുഴലി കാറ്റിനെ പേടിച്ചു വരാതിരുന്നവര്‍ മൊത്തം ഈ രണ്ടാം ശനിയാഴ്ച ആണ് വന്നതു എന്ന് തോന്നുന്നു. അതിനു പുറമേ ഒഴിവു ദിവസം ആയതിന്റെ തിരക്കും ഉണ്ട്.  സന്നിധാനത്തിനു താഴെയുള്ള നടപന്തലില്‍ എത്തുമ്പോള്‍ സമയം 6.40PM എന്നാല്‍ അവിടെ നിന്നാണ് ശരിക്കും തിരക്ക് എന്താണെന് മനസിലായത്. ഒരു 5 മിനിറ്റിലും ഒന്നോ രണ്ടോ അടി മാത്രം മുന്നോട്ടു നീങ്ങി. ഇത്ര പതുക്കെ virtual ക്യൂ നീങ്ങിയതിന്റെ കാരണം അപ്പോള്‍ മനസിലായില്ല. 10.20 PM ആയപ്പോള്‍ ആണ് virtual ക്യൂ കഴിഞ്ഞു പൊതു ക്യൂ വിലേക്ക് മാറിയത്. അപ്പോള്‍ ആണ് virtual ക്യൂ വിന്റെ ആമ  അനങ്ങുന്ന വേഗത്തില്‍  രീതിയിലുള്ള വേഗത്തിന്റെ രഹസ്യം മനസിലായത്. 5 സാധാരണ ക്യൂ കടത്തിവിടുമ്പോള്‍ ആണ് രണ്ടു വരികള്‍ ഉള്ള virtual ക്യൂ നിന്നും ആളുകളെ പൊതു ക്യൂ വിലേക്ക് മാറ്റുന്നത്‌. തിരക്ക് നിയത്രിക്കാന്‍ പോലീസ് നല്ല വണ്ണം കഷട്ടപെടുന്നുണ്ടായിരുന്നു. അങ്ങിനെ ദര്‍ശന സൌഭാഗ്യം കിട്ടി ഇറങ്ങുമ്പോള്‍ സമയം 10.45 PM. പതുക്കെ വന്ന ഞങ്ങളുടെ രണ്ടാമത്തെ സെറ്റ് പമ്പയിലെ ക്യൂ വില്‍ കയറിയത് 5.20 pm നു ആയിരുന്നു. എന്നാല്‍ നട  11.30 PM മണിക്ക് അടച്ചത് കൊണ്ട് അവര്‍ക്ക് ദര്‍ശനം ലഭിച്ചത് പുലര്‍ച്ചെ 3 AM നു ആയിരുന്നു.

കടൽനിരപ്പിൽ നിന്നും ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെസ്ഥാനം. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ നടത്തിവരുന്നതു .
18 മലകൾ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

ഈ കാനന യാത്രയിൽ എന്നെ ഏറ്റവും കൂടുതൽ  അത്ഭുതപെടുത്തിയ ഒരു കാര്യം വഴിയിൽ ഉടനീളം കണ്ട സേവന തത്പരരായ സമൂഹമാണ്. അവരില്‍ പോലീസ് ഉണ്ട്,ദൃതതകര്‍മ്മ സേനയുണ്ട് ,കേന്ദ്ര സേനയുണ്ട് ,ഡോക്ടര്‍മാരുണ്ട് ,ക്ലീനിംഗ് സ്റാഫ് ഉണ്ട്,മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുണ്ട്.അങ്ങിനെ സമൂഹത്തിലെ എല്ലാ തുറയില്‍ പെട്ടവരുമുണ്ട് .  താത്കാലിക മെഡിക്കൽ സെന്ററുകൾ എടുത്തു പറയേണ്ടവ ആണ്. സേവന താത്പരരായ ഡോക്ടർമാർ അയ്യപ്പന്മാർക്ക് ഒരു അനുഗ്രഹം തന്നെയാണ്. ശ്വാസ തടസ്സം ഉള്ളവർക്കുസഹായത്തിനു oxygen പാർലറുകൾ എല്ലായിടത്തുംകാണാം.പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നവര്‍ കയ്യില്‍ കുടിവെള്ളം കരുതേണ്ടതില്ല. വഴിയിലുടനീളം ചുക്ക്വെള്ളം കിട്ടുന്നതാണ്. സന്നിധാനത്തിനു താഴെ നടപന്തലില്‍ ഒരു കിലോമീറ്ററില്‍ താഴെ ദൂരം താണ്ടാന്‍ ഞങ്ങള്‍ എടുത്തത്‌ 4 മണിക്കൂര്‍ ആണ്. ആ സമയത്ത് കണ്ട കാഴ്ചകള്‍ പലതായിരുന്നു. പലതരം അസുഖങ്ങള്‍ വന്നവരെ പോലീസും, മറ്റു ദ്രുതകര്‍മ്മ സേനകളും വിശ്രമമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്ന കാഴ്ച അവരുടെ കര്‍മ്മ നിരതയ്ക്ക് മുന്നില്‍ തലകുനിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.കൂട്ടം തെറ്റിയവരെ മൈക്ക് വഴി വിളിക്കുന്ന ചടങ്ങ് നിര്‍ബാധം തുടരുന്നുണ്ടായിരുന്നു. “എന്‍റെ കൂടെ വന്ന 30 സ്വാമിമാര്‍ക്ക് വഴി തെറ്റി പോയിടുണ്ട്” എന്നു പണ്ടൊരു സ്വാമി നടത്തിയ അന്നൌണ്സ്‌മെന്റ് ഒന്നോര്‍ത്ത് പോയി.

കല്ലും, മുള്ളും നിറഞ്ഞ ദുർഘടമായ പാത ആത്മസായൂജ്യത്തെ തേടി പോവുന്ന ഭക്തനെ പിന്തിരിപ്പിക്കില്ല. കാരണം ഇവിടെ മണ്ഡലവ്രതമാകുന്ന യജ്ഞത്തിൽ  ഭക്തനാണ് യജമാനൻ. ഈ തിരിച്ചറിവ് തന്നെയാണ് തത്വമസി. നശ്വരമായ സുഖങ്ങൾ തേടി പോവുന്ന മനുഷ്യനെ തത്വമസി ഓതുന്ന ഈ തപോ ഭൂമിയിലേക്ക് ആകർഷിക്കുന്നത് ജാതി മത വർഗ്ഗ വേഷ ഭാഷാ ഭൂഷകൾക്ക് അതീതമായി നിലകൊള്ളുന്ന സമഭാവനയെന്ന സന്ദേശം തന്നെയായിരിക്കും.

മനുഷ്യ ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണം പോലെയാണ് ഈ കാനന യാത്രയും. ദുർഘടമായ പാതയിലൂടെ നടക്കുമ്പോൾ ഇടക്ക് തെളിയുന്ന നിരപ്പായ വഴി! ഓരോ കയ്യറ്റത്തിനും കൂടെ കാണുന്ന ഇറക്കം!  ക്ഷീണിക്കുമ്പോൾ തണൽ നൽകാൻ വൻ വൃക്ഷങ്ങൾ ! ദാഹിക്കുമ്പോൾ ജലം നൽകാൻ അരുവികൾ! തളർന്നാൽ ഇരിക്കാൻ മരത്തിന്റെ വേരുകൾ!  അങ്ങിനെ നമുക്ക് ചുറ്റും നിലനിൽക്കുന്ന, നാം കണ്ടില്ലെന്നു നടിക്കുന്ന അഥവാ ശ്രദ്ധിക്കാത്ത വിട്ടുകളയുന്ന ലോകമാണ് ഈ കാനന യാത്ര നമ്മെ കാണിച്ചു തരുന്നത്.അഥവാ ഓര്‍മ്മപെടുത്തുന്നത്‌ . അടുത്തവര്‍ഷം വീണ്ടും വരാം  എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അടുത്ത ദിവസം രാവിലെ തത്വമസിയുടെ മണ്ണില്‍ നിന്നും തിരിച്ചിറങ്ങി.

അതിജീവന പാതയിലെ മൂന്നാര്‍

 

മൂന്നാറിനെ അറിയാൻ – പ്രളയ ശേഷം ഉള്ള മൂന്നാർ(6th Sept 2018)

ഇതൊരു യാത്ര വിവരണം അല്ല. മറിച്ചു യാത്ര ചെയ്യാൻ പോവുന്നവർക്ക് ഉള്ള കുറിപ്പാണു. 2018 ആഗസ്റ്റ് മാസത്തിലെ ഉരുള്‍ പൊട്ടലിനും, വെള്ളപൊക്കത്തിനും, ഭൂമി വിണ്ടു കീറലിനും ശേഷം ജനം മൂന്നാറിനെ പുൽകാൻ ഇപ്പോൾ ഒന്നു മടിക്കുന്നു. അതിൽ ഉപരി മൂന്നാറിൽ എന്താണ് കാണാൻ ഉളളത് എന്നൊരു ചോദ്യവും ഇവിടെ സ്ഥിരമായി കാണുന്നു. അതിനുള്ള ഒരു ചെറിയ സഹായ ശ്രമം മാത്രമാണ് ഈ പോസ്റ്.

ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കാൻ കാരണം ഞങ്ങൾ കഴിഞ്ഞ ദിവസം കണ്ട മൂന്നാറിലെ സ്ഥിതി വിശേഷങ്ങൾ ആണെന്ന് പറയാം.

സർവ്വ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും, ചൊവ്വാദോഷം കാരണം കല്യാണ ആലോചനകൾ മുടങ്ങുന്ന യൗവനയുക്തയായ ഒരു യുവതിയാണ് ഇന്നത്തെ മൂന്നാർ. പ്രളയവും, ഭൂമി വിണ്ടുകീറലും, ഉരുൾപൊട്ടലും ചൊവ്വ ദോഷത്തെക്കാൾ ദുരിതമാണ് ഈ ഭൂമിക്ക് നൽകിയിരിക്കുന്നത്.

മൂന്നാര്‍ ഒരു വലിയ ടൂറിസ്റ്റ് സീസണ്‍ ആയിരുന്നു കുറിഞ്ഞി പൂ വഴി പ്രതീക്ഷിച്ചത്. മൂന്നാറിലെ മലനിരകളെ പച്ചപട്ടു പുതപ്പിക്കാന്‍ ഒരു വ്യാഴവട്ടത്തിനു ശേഷം നീലവസന്തം പ്രതീക്ഷിച്ച നമ്മള്‍ക്ക് കാലം കാത്തു വെച്ചത് പ്രകൃതിയുടെ ഒരു കൂട്ടം വികൃതികളാണ്. കുറിഞ്ഞികാലം ടൂറിസ്റ്റ് കള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. പണ്ട് അതൊരു കലണ്ടര്‍ ആയിരുന്നു. അഞ്ചു കുറിഞ്ഞികാലം കണ്ട വ്യക്തി എന്ന് പറഞ്ഞാല്‍ 60 വയസ്സായി  എന്നര്‍ത്ഥം. അതിലുപരി തേനീച്ചകളുടെ കൂട്ടമായുള്ള വരവും ഇക്കാലത്ത് ഉണ്ടാവും. അവര്‍ മറ്റുള്ള പൂക്കളുടെ തേനുകള്‍ നുകരാന്‍ ഇക്കാലത്ത് പോവില്ല പോലും. കുറിഞ്ഞികാലത്തെ തേനിനു ഔഷധഗുണം കൂടും എന്നൊരു വായ്മോഴിയുണ്ട്.

മൂന്നാര്‍ ഒരു ഓര്‍മ്മ പെടുത്തലാണ്. ഇനിയെങ്കിലും ചൂഷണം നിയന്ത്രണ വിധേയം ആക്കിയില്ലെങ്കില്‍ മനുഷ്യനെ അവിടെ നിന്നും തുടച്ചു നീക്കാന്‍ പ്രകൃതിക്ക് നിമിഷങ്ങള്‍ മതിയെന്ന മുന്നറിയിപ്പ്. അല്ലെങ്കില്‍ തന്നെ മാറില്‍ മുറിവേറ്റ ഭൂമാതാവ് മറ്റെങ്ങനെയാണ് പ്രതികരിക്കുക. പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ആയിരിക്കില്ല പ്രകൃതിയുടെ ക്ഷോഭത്തിനു ഇരയാവുന്നത്.

പ്രകൃതിലോലം എന്നു ശാസ്ത്രം പറഞ്ഞിട്ടും , നമ്മളിലെ ദുര അതു അംഗീകരിച്ചില്ല. എന്നാല്‍ പ്രകൃതി ചെറിയതോതിൽ  നമ്മളെ  ഇപ്പോള്‍ ബോധ്യപ്പെടുത്തൽ ശ്രമിച്ചു എന്നു പറയാം. നല്ലതണ്ണിയിൽ 5 പേരു ഉരുൾപൊട്ടലിൽ മരിച്ചു! മൂന്നാര്‍ ടൌണില്‍ തന്നെ  6 വീടുകൾ മൊത്തമായി ഭൂമി വിണ്ടുകീറി തകര്‍ന്നു! KSRTC ബസ് സ്റ്റാൻഡ് Boat Service Center ആയി മാറി! പേരിയവുര പാലം തകർന്നു ! മൂന്നാർ Arts College ന്‍റെ ഒരു ബ്ലോക്ക് മൊത്തമായി ഉരുൾപൊട്ടലില്‍ ഒലിച്ചുപോയി! മൂന്നാർ നാലു ദിവസം ഒറ്റപ്പെട്ടു! ഇങ്ങിനെ പറയാന്‍  ഒരുപാടു കാര്യങ്ങള്‍ നടന്നു. ഈ നാല് ദിവസങ്ങള്‍ കൊണ്ട് ഒരുപാട് കഥകള്‍ കേട്ടു… ജീവിതങ്ങള്‍ കണ്ടു…. എന്നാൽ ഇന്ന് മൂന്നാറിലെ സ്ഥിതി മാറി. പ്രധാന റോഡുകൾ എല്ലാം സഞ്ചാര യോഗ്യമായി. രാജമലയിലേക്ക് ഉള്ള പുതിയ പാലം പണി പൂര്‍ത്തിയായി 9 SEPT 2018 നു തുറന്നു കൊടുത്തു.

ഞങ്ങള്‍ മൂന്നാറില്‍ കണ്ട ചില അനുഭവങ്ങളും കാഴ്ചകളും ആണ് ഈ കുറിപ്പിന് ആധാരം.

ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ മൊത്തം 67 റൂമുകള്‍ ഉള്ളതില്‍ താമസം ഉണ്ടായിരുന്നത് ഞങ്ങള്‍ താമസിച്ച ഒന്നില്‍ മാത്രം. മൂന്നാറിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ ഒന്നായ കേരള ടൂറിസം ഡിപ്പാര്‍ട്ടുമെനടിന്റെ ഹോട്ടലിലെ അവസ്ഥയാണ് ഈ പറഞ്ഞത്. രാവിലെ breakfast കഴിക്കാന്‍ പോയപ്പോഴാണ് ഞങ്ങളല്ലാതെ വേറെ ആരും കഴിക്കാന്‍ ഇല്ലെന്നു ശ്രദ്ധിച്ചത്. പ്രകൃതി കോപിച്ചത് അറിഞ്ഞു എല്ലാവരും booking ഒഴിവാക്കി കൊണ്ടിരിക്കുകയാണെന്ന് വഴിയെ അറിഞ്ഞു.

ഞങ്ങള്‍ നാല് ദിവസം മൂന്നാറില്‍ കറങ്ങിയപ്പോള്‍( 6th Sept 2018 t0 9th Sept 2018) ഒരിക്കല്‍ പോലും ട്രാഫിക് ജാമില്‍ പെട്ടില്ല എന്ന കാര്യവും എടുത്തു പറയണം എന്ന് തോന്നുന്നുന്നു. ട്രാഫിക്‌ ജാം ഇല്ലാത്ത മൂന്നാറിനെ കാണണം എന്നുള്ളവര്‍ക്ക് ഇതാണ് നല്ല സമയം.

അതു പോലെ കാന്തലൂര്‍ ഉള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കുളവും, വെള്ളച്ചാട്ടവും ഞങ്ങള്‍ക്ക് മാത്രമായി കാത്തിരുന്നതല്ല.

ചുരുക്കത്തില്‍ മൂന്നാരിലും ,ചുറ്റുപാടിലും ആളനക്കം കുറവാണ്.

രാജമലയില്‍ ഇപ്പോള്‍ കുറിഞ്ഞി പൂത്തു തുടങ്ങിയതേ ഉള്ളൂ. Internetല്‍ തിരയുമ്പോള്‍ നമ്മള്‍ കാണുന്ന, മല മൊത്തം പൂത്തു നില്‍ക്കുന്ന പണ്ടത്തെ കാഴ്ചയിലേക്ക് എത്താന്‍ രാജമല ഇനിയും 2-3 week എടുക്കും. എന്നാല്‍ മഴ അധികം ഇല്ലാത്തതിനാല്‍ വട്ടവടയില്‍ ഇത്തവണ കുറിഞ്ഞി ആദ്യം തന്നെ പൂത്തു. ഇപ്പോള്‍ അത് കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് കുറിഞ്ഞി പ്രതീക്ഷിച്ചു വട്ടവട്ടയിലേക്ക് പോകേണ്ട എന്ന് തന്നെ പറയാം. രാജമലയില്‍ നമ്മെ കാത്തു കുറിഞ്ഞി മാത്രമല്ല ഉള്ളതു. രാജമലയുടെ സ്വന്തം വരയാടുകളെ കാണാതെ യാത്ര പൂര്‍ത്തിയാവില്ല..

വട്ടവട റൂട്ട് കാണേണ്ട കാഴ്ച തന്നെയാണ്.മൂന്നാരില്‍ നിന്നും മാട്ടുപെട്ടി ഡാമും , കുണ്ടല ഡാമും, എക്കോ പോയന്‍റ് ഉം ബോട്ടിങ്ങിനു ആയി നമ്മളെ കാത്തിരിക്കുന്നു. ഈ റൂട്ടില്‍ ഇറങ്ങിയാല്‍ ആദ്യം കാണുക ഫ്ലവര്‍ ഗാര്‍ഡന്‍ ,വഴിയെ ഫോട്ടോ പോയിന്റ്‌ , തെനീച്ചകള്‍ നിറഞ്ഞ മരം ,ഫിലിം ഷൂട്ടിംഗ് നടക്കുന്ന പുല്മേട്‌ എന്നിവയും ഈ വഴിയില്‍ ആണ്. ഇങ്ങിനെ കാഴ്ചകള്‍ നിരവധിയാണ് .  ടോപ്പ് സ്റ്റേഷന്‍ കാണേണ്ട കാഴ്ച തന്നെയാണ്. കൊളുക്ക് മല നമുക്ക് അവിടെ നിന്നും കാണാം. മലമടക്കുകള്‍ നമ്മെ നല്ലവണ്ണം ആകര്‍ഷിക്കും. പിന്നെ ആ കാലാവസ്ഥ !!! അത് അനുഭവിച്ചു തന്നെ അറിയണം.വണ്ടിയിലെ AC  ഒരിക്കലും ON ആക്കരുത്.രാവിലെ ഇറങ്ങിയാല്‍ വൈകീട്ട് തിരിച്ചു മൂന്നാറില്‍ എത്താവുന്ന ഒരു റൂട്ട് ആണ് ഈ വട്ടവട റൂട്ട്..

പുതിയ ചില കാഴ്ചകളും മൂന്നാര്‍ നമുക്ക് ഒരുക്കിയിട്ടുണ്ട്.അതില്‍ പ്രധാനം മൂന്നാറില്‍ നിന്നും ഇറങ്ങിയാല്‍ 2km ന്‍റെ  ഉള്ളില്‍ കാണാവുന്ന “ദൈവത്തിന്‍റെ കൈ” തന്നെ. മുതിരപുഴയില്‍ ആണ്  പാറ വെള്ളത്തിന്‍റെ ഒഴുക്കില്‍ മനുഷ്യന്‍റെ കൈ രൂപം കൊണ്ടത്‌.

കാന്തലൂര്‍ റൂട്ട് ആണ് മൂന്നാറില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന മറ്റൊന്നു . ഇതിനിടയില്‍ ലക്കം വെള്ളച്ചാട്ടവും, ചന്ദനകാടും, മറയൂര്‍ ശര്‍ക്കര നിര്‍മ്മാണ കേന്ദ്രവും, മുനിയറയും,  ആപ്പിള്‍ തോട്ടങ്ങളും നമുക്ക് കാണാം .രാവിലെ ഇറങ്ങിയാല്‍ വൈകീട്ട് മൂന്നാര്‍ തിരച്ചു എത്താവുന്ന രീതിയില്‍ ആണ് ഈ റൂട്ട്.

മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് റൂട്ടുകളും,അവ തമ്മില്‍ ഉള്ള  ദൂരവും,എടുക്കുന്ന സമയവും ഈ പോസ്റ്റിന്‍റെ കൂടെ ചേര്‍ത്തിട്ടുണ്ട്. യാത്ര പോവുന്നവര്‍ക്ക് ഇതു സഹായകരം ആവും എന്ന് കരുതുന്നു.

ജലം കൊണ്ട് ഏറ്റ മുറിവുകള്‍ മറന്നു ഒരു പുതു ജീവിതത്തിനു മൂന്നാര്‍ തയ്യാറെടുക്കുകയാണ്. അവിടെയുള്ള ജനത്തിന് ഇപ്പോള്‍ ഒരു സീസണ്‍ അത്യാവശ്യമാണ്. അവരുടെ തയ്യാറെടുപ്പുകള്‍ വെറുതെ ആയി കൂടാ. ഇനിയുമൊരു വ്യാഴവട്ടകാലത്തിനു ശേഷം പുനര്‍ജനിക്കാനായി കുറിഞ്ഞി നമ്മുടെ കാണാമറയത് മായുന്നതിനു മുന്‍പ് സ്വാര്‍ത്ഥതയുടെ പെരുംഭാണ്ഡം പേറാതെ നമുക്ക് രാജമല കയറാം. പശ്ചിമഘട്ടത്തിന്‍റെ വരദാനമായ നീലവസന്തം വരും തലമുറക്കായി നിലകൊള്ളട്ടെ എന്ന പ്രതീക്ഷയോടെയാവും ഏവരും മലയിറങ്ങുക എന്ന് നമുക്ക് ആശിക്കാം .

Continue reading “അതിജീവന പാതയിലെ മൂന്നാര്‍”

Aero India 2017 – Bangalore

A breathtaking display of thrilling manoeuvres by military aircraft and aerobatic teams at 11th edition of Aero India 2017 at Yelahanka Air Force Station in Bengaluru.

In Pictures:

  1. Yakovlev aerobatic Team  (United Kingdom),
  2. Surya Kiran aerobatic team (India),
  3. Sarang display team (India ),
  4. Scandinavian air show (Sweden)
  5. Also Hindustan Aeronautics (HAL) and the Indian Air Force (IAF) are displaying a variety of helicopters .
  6. Fighter aircrafts

Skycat Wingwalkers ,from the Scandinavian Airshow aerobatic team (Sweden).

During flight two Skycats posed on the wings of the aircraft in different formations

dsc01558

Surya Kirans , Indian Air force’s aerobatic team , with a fleet of brand new BAE Hawks.

dsc03093

The Yakovlevs , a UK-based aerobatic team flying Russian designed Yakovlev aircrafts

dsc02913

Sarang display team ,Indian Air Force’s  helicopter aerobatic team.

The team flies four modified HAL Dhruv helicopters, also known as Advanced Light Helicopter.

dsc01904

dsc02058

dsc01502

dsc01784

dsc01576

dsc02655

dsc01704

dsc02687

dsc01603

dsc01726dsc01625dsc01648dsc01660

dsc01697

dsc02316

dsc01765dsc01838

dsc01912

dsc01924dsc01935dsc02006dsc02051dsc02132dsc02148dsc02176dsc02260dsc02288dsc02307

Surya Kiran aerobatic team from Indian Airforce

dsc02308dsc02320dsc02337dsc02338dsc02480dsc02525dsc02550dsc02561dsc02568dsc02589dsc02596dsc02605dsc02614dsc02618dsc02630dsc02668dsc02682dsc02736dsc02784dsc02801dsc02813dsc02828dsc02840dsc02855dsc02858dsc02879dsc02901dsc02915dsc02919dsc02923dsc02924dsc02928dsc02945dsc02949dsc02954dsc02974dsc02979dsc02996dsc02999dsc03005dsc03008dsc03028dsc03047

dsc01441dsc03077dsc03080dsc03085

രാജൻ മഹാദേവൻ നായർ അഥവാ ‘ബഡാ രാജൻ’ – അധോലോകത്തെ മലയാളി സാന്നിധ്യം!!!!

ദാവൂദ് ഇബാഹിം, ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ, ചോട്ടാ രാജൻ തുടങ്ങിയ സ്രാവുകൾ കൊണ്ട് സമ്പന്നമായ ബോംബെ അധോലോകത്തെ മലയാളി സാന്നിധ്യം . അങ്ങിനെ പറയാം രാജൻ മഹാദേവൻ നായറെ കുറിച്ച് .ഇന്ത്യയിലെ ശക്തരായിരുന്ന 10 അധോലോക നായകരുടെ ലിസ്റ്റ് എടുത്താൽ ബഡാ രാജനും ആ പട്ടികയിൽ ഉണ്ടാവും !!!!!

 

ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അധോലോക നായകന്‍ രാജന്‍ സദാശിവ നിഖലഞ്ഞേ “ചോട്ടാ രാജന്‍” എന്നറിയപെടാന്‍ കാരണം “ബഡാ” ആയി മറ്റൊരു രാജന്‍ ഉണ്ടായിരുന്നതിനാലാണ്- രാജൻ മഹാദേവൻ നായർ . D Company യുടെ അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പടയോട്ടത്തിൽ മോശമല്ലാത്തൊരു പങ്ക് ബഡാ രാജനും വഹിച്ചിട്ടുണ്ട്‌. ബോംബയിലെ first shoot-out in court നടത്തിയത് ബഡാ രാജന്‍ ആയിരുന്നു.

 

ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്തു 1991 ൽ ഇറക്കിയ മോഹൻ ലാൽ പടമായ “അഭിമന്യു ” ബഡാ രാജനെ അധികരിച്ച് എടുത്തത് ആണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു . പടം വിജയമായിരുന്നെങ്ങിലും ബഡാ രാജന്റെ ജീവിതവുമായി ആ പടത്തിനു വലിയ ബന്ധം ഒന്നുമില്ലായിരുന്നു – മലയാളി ബന്ധം ഒഴികെ .

 

 

മലയാളി കുടുംബത്തിൽ ബോംബെയിലെ തിലക് നഗറിൽ ആയിരുന്നു രാജന്‍റെ ജനനവും വളര്‍ച്ചയും. ജീവിതത്തിന്‍റെ ആദ്യ കാലത്ത് രാജനെ നമുക്ക് കാണാനാവുക താനെയിലെ ഹിന്ദുസ്ഥാന്‍ അപ്പരേല്‍ ഫാക്ടറിയിലെ തയ്യല്‍ക്കരന്‍ ആയിട്ടാണ്. ഒരു സാധരണ ജീവിതം ആയിരുന്നു രാജന്‍റെതു എന്നു തന്നെപറയാം. ഇതിനിടയില്‍ രാജന്‍ ഒരു പ്രണയത്തില്‍ പെട്ടു. പ്രണയിനിയുടെ ജന്മദിനത്തില്‍ ഗിഫ്റ്റ് വാങ്ങാന്‍ അഡ്വാന്‍സ്‌ ശബളം ചോദിച്ച രാജനെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചു. കുപിതനായ രാജന്‍ അവിടെ ഉണ്ടായിരുന്ന ടൈപ്പ് രൈട്ടെര്‍ എടുത്തു കൊണ്ട് പോയി ചോര്‍ ബസാരില്‍ വിറ്റു ,കാമുകിക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തു. രാജന്‍റെ ജീവിതത്തിന്റെ ദിശ മാറിയ സംഭവം ആയിരുന്നത്. തയ്യല്‍ ജോലി വിട്ടു FULLTIME മോഷണതിലേക്ക് രാജന്‍ കടന്നു .ദിവസേന 14 മണിക്കൂര്‍ പണിയെടുത്തു 40 -50 രൂപ കിട്ടുന്നതിലും നല്ലത് ആഴ്ചയില്‍ രണ്ടു Type Writer മോഷിട്ടിച്ചു വിറ്റ് 400 രൂപ നേടുന്നതാണന്നു രാജന്‍ തീരുമാനിച്ചു.ഇതിനിടയില്‍ രാജന്‍ പോലീസ് പിടിയില്‍ പെട്ടു.

 

തിരിച്ചു വന്ന രാജൻറെ അധോലോകത്തെ വളർച്ചയുടെ ആദ്യ ഘട്ടം അക്കാലത്തെ മറ്റേതൊരു ഗുണ്ടയും പോലെ ,തിയേറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ്‌ വിൽക്കൽ തന്നെയായിരുന്നു- sahakar cinema അതായിരുന്നു തിയേറ്ററിന്റെ പേര്. അടുത്ത മൂന്ന് നാല് ദിവസത്തേക്ക് വരെയുള്ള ടിക്കറ്റ്‌ തിയേറ്ററിൽ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.അതിനാൽ തന്നെ പടം കാണാൻ താല്പര്യം ഉള്ളവര്‍ക്ക് ശരണം രാജനും കൂട്ടാളികളെയും തന്നെയായി മാറി. സമീപ പ്രദേശമായ Odeon ഏരിയ ഏറ്റെടുത്തു ആയിരുന്നു തുടർന്ന് രാജന്‍ ബിസിനസ്‌ വ്യാപിപ്പിച്ചത്. Odeon ഏരിയ നിയത്രിച്ചിരുന്ന ചന്ദുവിനെ 50-50 percentage scheme മിൽ സമീപിക്കുകയും , തുടർന്ന് അവിടെ കടന്നു കൂടിയ ശേഷം, പ്രശ്നം ഉണ്ടാക്കി മൊത്തമായി നിയന്ത്രണം ഏറ്റു എടുക്കുകയുമായിരുന്നു .

 

അപ്പോഴേക്കും നമ്മുടെ രാജൻ സ്വന്തമായി ഒരു ഗാങ്ങ് ഉണ്ടാക്കിയിരുന്നു. അതിലെ രണ്ടാമൻ ആണ് ഇന്നത്തെ “ചോട്ടാ രാജൻ “. സ്വാഭാവികമായും ഒന്നാമനായ “രാജൻ മഹാദേവൻ നായർ” അറിയപെട്ടത്‌ “ബഡാ രാജൻ ” എന്ന് തന്നെ .രാജൻറെ വളര്ച്ചയുടെ അടുത്ത ഘട്ടം ഹഫ്ത പിരിക്കലും , ഭുമിയിടപാടുകളിലെയും/ പണമിടപാടുകളിലെ മധ്യസ്ഥം പറയലും തന്നെ.1970-85 കാലഘട്ടത്തിലെ ഗുണ്ടകളുടെ സാദാരണ വളർച്ചപാത അങ്ങിനെ തന്നെയായിരുന്നു .രാജൻറെ വളർച്ച Ghatkopar East കേന്ദ്രമായി പ്രവർത്തിച്ച Yashwant Jadhav നെ പ്രകൊപിച്ചു.1981-1983 കാലഘട്ടത്തിൽ ഈ രണ്ടു ഗാങ്ങ്കൾക്കിടയിൽ ജീവൻ പൊലിഞ്ഞത് 7 പേര്ക്ക് ആണ് .എന്നാൽ വരദ രാജ് മുതലിയാരുടെ സഹായത്തോടെ ബഡാരാജൻ ജാധവിനെ ഒതുക്കി

 

ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ എന്നീ മൂന്ന് പേരുടെ കൈവെള്ളയിൽ ആയിരുന്നു ഒരു നീണ്ട കാലം ബോംബെ. പോലീസ് ഓഫീസർ ആയിരുന്ന Y.C.Pawar വരദരാജ് മുതലിയാരെ 1980 കളില്‍ ബോംബയിൽ നിന്നും മദ്രാസിലേക്ക് തുരത്തി . മുതലിയാരുടെ കള്ളകടത്തിനും ,കള്ളുകച്ചവടത്തിനും ബഡാ രാജൻ സംരക്ഷണം കൊടുക്കരുണ്ടായിരുന്നു . അതിനാൽ തന്നെ മുതലിയാർ മദ്രാസിലേക്ക് പറിച്ചു നടപെട്ടപ്പോൾ ,അത് ഉപകരിക്കപെട്ടത്‌ ബഡാരാജനും സാധു ഷെട്ടിക്കും കൂടി ആയിരുന്നു .Chembur അങ്ങിനെ രാജൻറെ നിയത്രണത്തിൽ ആയിതീർന്നു.പതുക്കെ ആ നിയന്ത്രണം Ghatkopar East വരെ വളര്‍ന്നു.

 

ഇബ്രഹിം കാസ്കര്‍ എന്ന പോലീസ്സുകാരന്‍റെ മക്കള്‍ അധോലോകത്തില്‍ വളര്‍ന്നു വന്നത് ഇതേ കാലഘട്ടത്തില്‍ ആയിരുന്നു.ഹാജിമാസ്തന്‍ ഇടപെട്ടു പത്താന്‍മാരും ഇബ്രഹിം കാസ്കരിന്റെ മക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ത്തിരുന്നു.പക്ഷെ ഹാജിമാസ്തന്‍റെ സമാധാന ഉടമ്പടി ഒരിടകാലത്തേക്ക് മാത്രമേ ഉപകരിച്ചുള്ളൂ. ഇബ്രഹിം കാസ്കരിന്റെ മക്കളുടെ വളര്‍ച്ച, 1950 മുതല്‍ 1970 വരെയുള്ള കാലം ബോംബെ ഭരിച്ച പത്താന്മാര്‍ക്ക് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു. അതിനാല്‍ തന്നെ ഇബ്രഹിം കാസ്കരുടെ മൂത്ത രണ്ടു മക്കളെയും ഒറ്റ ദിവസം തീര്‍ക്കാന്‍ പത്താന്‍ ഗാങ്ങിലെ Amirzada യും Alamzeb യും തീരുമാനിച്ചു.അവര്‍ ആ ജോലി മനോഹര്‍ സുര്‍വെ എന്ന വാടക കൊലയാളിയെ ഏല്പിച്ചു. കാസ്കര്‍ സഹോദരന്മാരിലെ മൂത്തപുത്രനായ ശാബിര്‍നെ അവര്‍ തീര്‍ത്തു. എന്നാല്‍ ഇബ്രാഹിമിന്റെ രണ്ടാമത്തെ പുത്രന്‍ കഷിട്ടിച്ചു രക്ഷപെട്ടു.അതോടെ Amirzada കൊല്ലെപെടെണ്ടത് കാസ്കരുടെ കുടുംബത്തിനും നിലനില്പ്പിന്റെ ആവശ്യം ആയി മാറി.പത്താന്മാരുമായി നേരിട്ടു ഏറ്റുമുട്ടാതെ ജോലി വാടക കൊലയാളിയായ ബഡാ രാജനെ അവര്‍ ഏല്‍പ്പിച്ചു. എന്നാല്‍ അതിനിടയില്‍ Amirzada യെ പോലീസ് പിടികൂടി. Amirzada യെ കോടതിയില്‍ വച്ചു തന്നെ തീര്‍ക്കാനായിരുന്നു ബഡാ രാജന്‍റെ തീരുമാനം. David Pardesi എന്ന Thilak nagar ലെ സ്വന്തമായി ആരും ഇല്ലാത്ത ഒരു പയ്യനെ രാജന്‍ കൃത്യത്തിനു ഉപയോഗപെടുത്താന്‍ തീരുമാനിച്ചു.രാജന്‍ Pardesiയെ Ulwa ഗ്രാമത്തില്‍ കൊണ്ടു പോയി പരിശീലനം കൊടുത്തു-തോക്ക് ഉപയോഗിക്കാന്‍ അടക്കം. രാജന്‍ പ്ലാന്‍ ചെയ്ത പോലെ പോലീസ്ന്റെ മുന്നില്‍ തന്നെ കോടതിയില്‍ വച്ചു Amirzadaയെ കൊലപെടുത്തി. ഇതു പോലെ ഒരു സംഭവം ബോംബെ ഗാങ്ങ് വാറില്‍ അത് വരെ നടന്നിട്ടിലായിരുന്നു. ബോംബയിലെ അധോലോക സമവാക്യങ്ങള്‍ മാറിമറഞ്ഞു.ഈ സംഭവത്തോടെ മാമൂലി കള്ളകടത്തുകാരന്‍ ആയിരുന്ന ഇബ്രാഹിമിന്‍റെ രണ്ടാമത്തെ പുത്രന്‍ ബോംബെയിലെ ഡോണ്‍ ആയി വളര്‍ന്നു- ദാവൂദ് ഇബ്രാഹിം കാസ്കര്‍.

 

ഈ സംഭവം ബഡാ രാജനും ബോംബെ അധോലോകത്ത് മേല്‍വിലാസം ഉണ്ടാക്കി കൊടുത്തു. എന്നാല്‍ ഈ മേല്‍വിലാസം കൊണ്ടു ബഡാ രാജന് വലിയ ഗുണം ഒന്നും ഉണ്ടായില്ല എന്നു തന്നെ പറയാം.-രാജന് വെറും 15 ദിവസത്തെക്കു മാത്രം ഉപയോഗക്കപ്പെട്ട മേല്‍വിലാസം.Pardesi പിടിക്കപെട്ടെന്നു മാത്രമല്ല , രാജന്റെയും ,ദാവൂദിന്റെയും പേരുകള്‍ പോലീസിനു പറഞ്ഞും കൊടുത്തു. ശേഷം ചിന്ത്യം- രണ്ടു പേരും ജയിലറക്കു ഉള്ളിലായി.

 

അതോടെ ബഡാരാജനെ കൊല്ലേണ്ടത് പത്താന്മാരുടെയും കരിം ലാലയുടെയും ആവശ്യം ആയി മാറി. ഒരു വാടക കൊലയാളിയെ രാജനു വേണ്ടി അവര്‍ കണ്ടെത്തി.-അബ്ദുല്‍ കുഞ്ഞു. അബ്ദുല്‍ കുഞ്ഞു രാജന്‍റെ ഗാങ്ങിലെ പഴയ മെമ്പര്‍ ആയിരുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ രാജന്‍റെ പഴയ പ്രണയിനിയെ അബ്ദുല്‍ കുഞ്ഞു വിവാഹം ചെയ്തു. അതോടെ അവരുടെ വൈര്യം കൂടി. ഇതിനിടയില്‍ 1979 NATIONAL SECURITIES ACT പ്രകാരം അബ്ദുള്‍ കുഞ്ഞു ജയിലിലായി. രാജന്‍ കിട്ടിയ അവസരത്തില്‍ അബ്ദുല്‍ കുഞ്ഞിന്‍റെ ഗാങ്ങിനെ തകര്‍ത്തു.അതിനു പുറമേ പഴയ പ്രണയിനിയെ തട്ടി കൊണ്ടു പോകാനും ഒരു ശ്രമവും നടത്തി. കഥകള്‍ അറിഞ്ഞു ജയില്‍ ചാടി വന്ന അബ്ദുല്‍ കുഞ്ഞു തന്നെയാണ് രാജനു പറ്റിയ കൊലപാതകി എന്നു പത്തന്മാര്‍ തീരുമാനിച്ചു.എന്നാല്‍ അബ്ദുള്‍ കുഞ്ഞുനു രാജനെ കൊന്നു വീണ്ടും ജയിലില്‍ പോയി കിടക്കാന്‍ താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ റിക്ഷവാല ആയിരുന്ന ചന്ദ്രശേകര്‍ സഫലികക്കു Rs. 50000 ഓഫര്‍ ചെയ്തു രാജന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കാന്‍ അബ്ദുള്‍ കുഞ്ഞു നിശ്ചയിച്ചു. Amirzadaയുടെ അനുഭവം വന്‍ നാണകേടു ആയതുകൊണ്ട് ബോംബെ പോലീസ് രാജന്‍റെ കേസ് നടക്കുമ്പോള്‍ കോടതിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ നേവി യൂണിഫോറത്തില്‍ കോടതിയില്‍ വന്ന ചന്ദ്രശേകര്‍ പോലീസ് വാനില്‍ കയറുക ആയിരുന്ന ബഡാരാജനെ പോയിന്റ്‌ ബ്ലാങ്കില്‍ തന്നെ തീര്‍ത്തു.

 

അങ്ങിനെ ബോംബയിലെ first shoot-out in court നടപ്പിലാക്കിയ അധോലോക നായകന്‍ മറ്റൊരു court shoot-out ല്‍ തന്നെ മണ്‍മറഞ്ഞതു കാലത്തിന്റെ കാവ്യ നീതിയായി……

ഉജ്ജയിനിയിലെ ക്ഷിപ്രാനദിയുടെ ഘട്ടുകളിലൂടെ , നാഗ സന്യാസിമാര്‍ക്കിടയിലൂടെ – ഒരു കുംഭമേള അനുഭവം !

നമ്മള്‍ക്കു അധികം പരിചയമില്ലാത്ത, നമ്മുടെ നാടിന്‍റെ സാംസ്‌കാരിക തനിമയെ തേടിയുള്ള ഒരു യാത്രയുടെ അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.ഭാരതദേശത്തിന്‍റെ സാംസ്കാരികഔന്നത്യം കിഴക്കും പടിഞ്ഞാറും നാടുകളില്‍ പോലും ബഹുമാനം ആര്‍ജിച്ചതാണ്. എന്നാല്‍ നാമറിയുന്നതും , അറിയാത്തതുമായ നിരവധി വിശ്വാസസംഹിതകള്‍ സ്വരചേര്‍ച്ചയോടെ നമ്മുടെ നാട്ടില്‍ തന്നെ നമുക്കു ചുറ്റുമായി നിലനില്‍ക്കുന്നുണ്ട്. ഒരു നാടിന്‍റെ വിശ്വാസപ്രമാണങ്ങളിലെ വൈജാത്യങ്ങളുടെയും അതിനുള്ളില്‍ അന്തര്‍ലീനമായ ഏകത്വത്തിന്റെയും നേര്‍കാഴ്ചയായി കൃത്യമായ ഇടവേളകളില്‍ നടക്കുന്ന കൂട്ടായ്മയാണ് കുംഭമേള.

പ്രധാനമായും നാലു ഇടങ്ങളിലാണ് കുംഭമേള നടക്കുക . ഹരിദ്വാര്‍ , ഉജ്ജയിനി, നാസിക്, അലഹബാദ്‌ എന്നിവടങ്ങളിലാണ് ഓരോ പന്ത്രണ്ടു വര്‍ഷങ്ങളിലും കുഭമേള നടക്കുക . ഇത്തവണ 2016 ഏപ്രില്‍ 22 മുതല്‍ മേയ് 21 വരെയുള്ള ദിവസങ്ങളിലാണ് ഉജ്ജയിനിയില്‍ കുഭമേള നടന്നത്. കുംഭമേളയെന്നത് ഒരു നാടിന്‍റെ സാംസ്‌കാരിക -ചരിത്ര-സാമൂഹിക മാനങ്ങളുള്ള കൂട്ടായ്മയുടെ നേര്‍കാഴ്ചയാണ്.

(മാതൃഭൂമി യാത്ര 2016 ജൂലൈ)

വേദകാലഘട്ടം മുതല്‍ നടന്നു വരുന്നു എന്നു വിശ്വസിക്കുന്ന സാംസ്‌കാരിക സംഗമമാണ് കുംഭമേള. എന്നാല്‍ രേഖപ്പെടുത്തിയ ചരിത്രം തുടങ്ങുന്നത് ചൈനീസ്‌ സഞ്ചാരിയായ ഹുയാങ് സാങ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ(629 -645 CE) കാലഘട്ടം മുതലാണ്‌. അലഹബാദില്‍ നടക്കുന്ന മാഘമേളയായിരുന്നു കുംഭമേളയില്‍ ഏറ്റവും പഴക്കം ചെന്നത് എന്നൊരു വിശ്വാസവുമുണ്ട്. ഹിന്ദുമത നവീകരണത്തിനായി 8ആം നൂറ്റാണ്ടില്‍ ആദിശങ്കരനാണു കുംഭമേള തുടങ്ങിയതു എന്നൊരു വാദഗതിയും ശക്തമാണ്…

കുംഭമേളയുടെ ഐതീഹ്യത്തെ കുറിച്ചു അല്‍പം പറയാം. ദേവാസുരന്മാര്‍ ചേര്‍ന്നു പാലാഴി കടഞ്ഞു അമൃത് എടുത്ത കഥയില്‍ നിന്നും തുടങ്ങുന്നതാണ് കുംഭമേളയുടെ ഐതീഹ്യപെരുമ. പാലാഴിമഥനത്തിനിടയില്‍ നാലു തുള്ളി അമൃത് ഭൂമിയില്‍ നാലു നദികളിലായി പതിച്ചു എന്നാണ് വിശ്വാസം. അസുരന്മാരില്‍ നിന്നും അമൃത് സംരക്ഷിക്കാന്‍ ദേവന്മാര്‍ അമൃതകുംഭവുമായി കടന്നുകളഞ്ഞു. 12 രാവും, 12 പകലും അസുരന്മാന്‍ ഈ കുംഭത്തിനായി അലഞ്ഞു. ദേവന്മാരുടെ 12 ദിനം മനുഷ്യരുടെ 12 വര്‍ഷത്തിനു തുല്യം എന്നാണു പറയുന്നത്. ഇതിനിടയില്‍ പല യുദ്ധങ്ങള്‍ നടന്നു. അമൃതകുംഭവുമായി പോവുകയായിരുന്ന ഗരുഡന്‍റെ കയ്യില്‍ നിന്നും നാലു തുള്ളി ഭൂമിയില്‍ നാലിടത്ത് പതിച്ചു. ഹരിദ്വാരിലെ ഗംഗയിലും, ഉജ്ജയിനിയിലെ ക്ഷിപ്രനദിയിലും, നാസിക്കിലെ ഗോദാവരിയിലും, അലഹബാദിലെ ഗംഗയമുനസരസ്വതി നദികളുടെ സംഗമസ്ഥാനത്തുമാണ് അമൃത് പതിച്ചത് എന്നാണ് വിശ്വാസം. കുംഭമേള സമയത്തെ ഇവിടങ്ങളിലെ സ്നാനം പാപകര്‍മ്മങ്ങള്‍ കഴുകിക്കളഞ്ഞ് നന്മ നിറഞ്ഞ നാളെയെ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.

ഞങ്ങളുടെ കയ്യില്‍ മൊത്തം നാലു ദിവസങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മെയ്‌ 19 നു എത്തി മെയ്‌ 22 നു തിരിച്ചു പോരുക. ആദ്യദിനം ഇന്‍ഡോര്‍ വഴി ഉജ്ജയിനില്‍ എത്തുക. തുടര്‍ന്നു ക്ഷിപ്രനദിയും പരിസരപ്രദേശങ്ങളും കണ്ടു സ്ഥലത്തെ പറ്റി ഏകദേശധാരണ ഉണ്ടാക്കാനാന്നു ഞങ്ങള്‍ മാറ്റി വെച്ചത്. അടുത്ത ദിനം അഘോരികളെയും , നാഗസന്യാസിമാരെയും കാണാന്‍ ശ്രമിക്കണം. തുടര്‍ന്നു രാംഘട്ടില്‍ ആരതി അടുത്തറിയണം. കുംഭമേളയിലെ പ്രധാന ദിവസമായ സഹിസ്നാന്‍ ആണു ശനിയാഴ്ച . അതായത് മൂന്നാം ദിവസം . അന്നു കുംഭസ്നാനവും , സന്യാസിവര്യന്‍മാരുടെ പെഷവായ്‌ (പ്രദിക്ഷണം ) കാണണം. തുടര്‍ന്നു നാലാം ദിനം തിരിച്ചു പോരണം. ഇതായിരുന്നു യാത്രയുടെ സാമാന്യരൂപം.

ഞങ്ങള്‍ ഇന്‍ഡോറില്‍ എത്തുമ്പോള്‍ സമയം രാവിലെ 9.30AM . അവിടെ നിന്നും ഉജ്ജയിനിയിലേക്ക് 56 കിലോമീറ്ററുണ്ട്. അത്രയും ദൂരം ഓടിയെത്താന്‍ വെറും 40 മിനിറ്റ് മാത്രമേ ശകടം എടുത്തുള്ളൂ. റോഡിനു ഇരുവശവും ഭൂരിഭാഗവും തരിശുഭൂമി തന്നെ. ഇതിനിടയില്‍ കൃഷിസ്ഥലങ്ങളും കാണാം. വിദ്യാഭ്യാസസ്ഥാപനങ്ങളും വഴിയില്‍ കണ്ടു. വഴിയില്‍ അധികം വീടുകള്‍ കണ്ടില്ല. പൊതുവേ വരണ്ട ഭൂമി എന്നുതന്നെ പറയാം. വൈശാഖമാസമാണ്. വര്‍ഷത്തില്‍ ഏറ്റവും ചൂടു കൂടുതല്‍ ഉള്ള മാസമാണ് മേയ്. ഞങ്ങള്‍ പോയപ്പോള്‍ 49 ഡിഗ്രി ആയിരുന്നു. ഞങ്ങളെ കൊണ്ടു പോവാന്‍ വന്ന വാഹനത്തിലേക്ക് ചാടി കയറിയതെ ഓര്‍മയുള്ളൂ. യാത്രയില്‍ കണ്ട രസകരമായ കാഴ്ച റോഡിലെ ഇരുചക്ര വാഹനങ്ങളായിരുന്നു. മിക്കവാറും വാഹനങ്ങളില്‍ 3-5 ആളുകള്‍ കാണും. മൂന്നു വലിയ ആളുകളും, 3 കുട്ടികളും അടക്കം ആറു പേരു യാത്രചെയ്യുന്ന ബൈക്കുകളും കണ്ടു. ഹെല്‍മെറ്റ്‌ എന്നു പറയുന്ന സാധനത്തെ പറ്റി ഇവിടെയുള്ളവര്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല!!

അങ്ങിനെ താമസസ്ഥലത്ത് 10.10AM മണിയോടെ എത്തി. പ്രഭാതഭക്ഷണം കുശാലായി തന്നെ കഴിച്ചു. ചായയും പൊഹയും ആയിരുന്നു വിഭവങ്ങള്‍. നമ്മുടെ അവിലിനോടു ഉപമിക്കാവുന്ന പോഹക്കു അവരുടെ പ്രഭാത ഭക്ഷണത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. തുടര്‍ന്നു ഒരു ലെസ്സിയും കഴിച്ചു. ഈ ചൂടുകാലത്ത് ഈ തൈരുവിഭവത്തിനു നല്ല രുചി തന്നെയാണ്. ചൂടു കാരണം പുറത്തെക്കു ഇറങ്ങാല്‍ ഉദേശ്യം ഒട്ടും ഇല്ലായിരുന്നു. കലശമായ യാത്രാക്ഷീണവും ഉണ്ടായിരുന്നു. അപ്പോഴും ഹോട്ടലിനു മുന്‍പില്‍ ഉള്ള ടെന്റുകളില്‍ നിന്നും ഏതോ ബാബയുടെ ഭക്തിഗാനങ്ങള്‍ ഒഴുകി വരുന്നുണ്ടായിരുന്നു.
അങ്ങിനെ വൈകീട്ടു 5PM ഓടു കൂടി പുറത്തു ഇറങ്ങി. ചൂടു കുറഞ്ഞിട്ടൊന്നുമില്ലായിരുന്നു. ഹോട്ടലില്‍ നിന്നും ജനാലയിലൂടെ നോക്കിയാല്‍ ആയിരക്കണക്കിന് ആളുകള്‍ റോഡിലൂടെ നടന്നു പോവുന്നതു കാണാമായിരുന്നു. ചെറിയ ഉറുമ്പുകള്‍ പോലെ ആളുകള്‍ നിരയായി പോവുന്നതു കണ്ടു റൂമില്‍ ഇരിപ്പുറക്കാത്തത് കൊണ്ടു മാത്രം ഇറങ്ങിയതാണ്. ക്ഷിപ്രനദിക്കരയിലേക്ക് മൂന്ന് കിലോമീറ്റര്‍ ഉണ്ട്. നല്ല വീതിയുള്ള റോഡാണ്. ആളുകള്‍ ഫുട്പാത്തുകളില്‍ കൂടിയാണ് നടക്കുന്നത്.ഇറിക്ഷകള്‍ കിട്ടുമെന്നു കേട്ടെങ്കിലും ഒന്നും കണ്ടില്ല. ഒരു സാദാഓട്ടോയില്‍ കയറി. കുറച്ചു കഴിഞ്ഞപ്പോഴേക്കും റോഡ്‌ ബാരിക്കേഡുകള്‍ വച്ചു തടഞ്ഞിരുക്കുന്നത് കണ്ടു. ഇനിയും രണ്ടു കിലോമീറ്റര്‍ നടക്കണം- അതും ഈ ചൂടില്‍ ! പെട്ടന്നാണ് ബൈക്കുമായി ഒരു പയ്യന്‍ വന്നത്! 50 രൂപ തന്നാല്‍ രാം ഘട്ടില്‍ എത്തിച്ചു തരാം എന്നു പറഞ്ഞതു. രണ്ടു ബൈക്കിലായി നാലു പേരെയും നദികരയില്‍ എത്തിക്കും. ചാടിക്കയറാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ബൈക്ക് മാത്രമാണ് കടത്തി വിടുന്നത്. നാളെ അതും ഉണ്ടാവാന്‍ സാധ്യതയില്ല.

13 അഘാരകളാണ് കുംഭമേളയുടെ താക്കോല്‍ സ്ഥാനത്ത് നില്‍ക്കുന്നത്. സുരക്ഷാപരമായ ചുമതലകള്‍ക്കു പോലീസും പട്ടാളവുമുണ്ട്. കോടികണക്കിന് ആളുകള്‍ വരുന്ന പരിപാടി ആയിട്ടു പോലും അനാവശ്യമായ സെക്യൂരിറ്റി ചെക്കുകള്‍ വെച്ചു പൊതുജനത്തെ ബുദ്ധിമുട്ടിക്കാത്ത അധികൃതര്‍ക്ക് നന്ദി. ക്ഷിപ്ര നദിക്കരയിലേക്ക് പോവുന്നവര്‍ക്കും വരുന്നവര്‍ക്കും ഉള്ള റോഡുകള്‍ ബാരിക്കേഡു കെട്ടി തിരിച്ചിട്ടുണ്ട്. അതു തെറ്റിക്കുന്നവരെ നിയന്ത്രിക്കാന്‍ ആവശ്യത്തിലധികം പോലീസുകാരുണ്ട്. ഇതിനു പുറമെ ഓരോ നൂറുമീറ്ററിലും നമ്മളെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുണ്ട്. എത്രമാത്രം ഒരുക്കങ്ങള്‍ ഈ കൂട്ടായ്മക്കായി ഒരുക്കിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.

ആര്‍ക്കും ബഹുമാനം ജനിപ്പിക്കുന്നതാണ് മേളയുടെ നടത്തിപ്പ്. മേള ഒരു കച്ചവടകേന്ദ്രം ആക്കി മാറ്റാന്‍ അധികൃതര്‍ തയ്യറാവാത്തിടത്തുനിന്നാണ് ഈ വിജയം തുടങ്ങുന്നത് എന്നു തോന്നുന്നു. സാധാരണ വെള്ളകുപ്പികള്‍ക്ക് പോലും ഇത്തരം സ്ഥലങ്ങളില്‍ പൊള്ളുന്ന വില ആയിരിക്കും. എന്നാല്‍ ഇവിടെ MRP റേറ്റില്‍ കൂടുതലാക്കി വില്‍ക്കാന്‍ അവര്‍ തയ്യാറല്ല. എന്തിനും സജ്ജമായ ഡോക്ട്ടര്‍മാരും, പോലീസുകാരും, കമാന്‍ണ്ടോസും, സന്നദ്ധപ്രവര്‍ത്തകരുമാണ് ഈ കുംഭമേളയുടെ അഭിമാനം. അതുപോലെ ഒരിടത്തും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കണ്ടില്ല. മാത്രമല്ല കോടികണക്കിന് ആളുകള്‍ വന്നിട്ടും ക്ഷിപ്രനദി വൃത്തിയാക്കി കൊണ്ടു നടക്കുന്നത്തിനുള്ള ശ്രദ്ധ കാണുമ്പോള്‍ അത്ഭുതം തോന്നും. സംസ്ഥാന സര്‍ക്കാര്‍ എല്ലാരീതിയിലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

അഘാര/അഖാഡകളെ കുറിച്ചു അല്‍പം പറയേണ്ടതുണ്ട്. ധര്‍മ്മസംരക്ഷണത്തിനായാണ് അഘാരകള്‍ എന്നാണ് പറയുന്നത്. ആയുധപരിശീലനം പ്രാചീനകാലത്ത് അഘാരകളില്‍ സാധാരണമായിരുന്നു. 13 അഘാരകളാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്. വടക്കെ ഇന്ത്യമുതല്‍ ഗോദാവരി നദിവരെയുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് ഈ അഘാരകള്‍. ഇതില്‍ ഏഴ്‌ എണ്ണം ശൈവവിശ്വാസധാരയിലും, 5 എണ്ണം വൈഷ്ണവ വിശ്വാസധാരയിലും, 3 എണ്ണം സിഖ് വിശ്വാസപ്രമാണങ്ങളിലുമാണ് നിലകൊള്ളുന്നതാണ്. ഓരോ അഘാരയും ഓരോ സന്യാസസഭകളാണ്. ആരാധനാക്രമങ്ങളും, കൊടിയും എല്ലാം വ്യത്യസ്തമാണവ. സന്യാസിമാരുടെ നെറ്റിയിലെ കുറികളില്‍ നിന്നു പോലും നമുക്കു അവരെ തിരിച്ചറിയാം. ക്ഷിപ്രനദിയിലെ കുളിക്കും ഉണ്ട് വ്യത്യാസം. ശങ്കരാചാര്യര്‍ നിര്‍വചിച്ച ഏഴു ശൈവരുടെ സ്നാനം ഉജ്ജയിനിയില്‍ ദട്ടഘട്ടിലാണ്. എന്നാല്‍ വൈഷ്ണവരും, സിഖ് വിശ്വാസപ്രമാനങ്ങളില്‍ നിന്നും വന്ന സന്യാസശ്രേഷ്ഠരുടെയും സ്നാനം രാംഘട്ടിലാണ്. നിര്‍വാണി (അയോധ്യ),നിര്‍മോഹി (മധുര), ദിഗംബര്‍(സബര്‍കന്ത) എന്നിവരാണ് വൈഷ്ണവധാരയില്‍ പെടുന്നവര്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങള്‍ അവിടെ രണ്ടു തരം സന്യാസിമാരെയാണ് കണ്ടത്. കള്ള സന്യാസിമാരും, നല്ല സന്യാസിമാരും. കള്ളനാണയങ്ങള്‍ ആയിരുന്നു കൂടുതലും. കുറച്ചു വിദേശശിഷ്യന്മാര്‍/ശിഷ്യകള്‍ ഉണ്ടെങ്കില്‍ കള്ളനാണയങ്ങള്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടുന്നുണ്ടോ എന്നു തോന്നിപോയി. ഇതിനിടയില്‍ കള്ളനാണയങ്ങളെ തിരിച്ചറിയാനും എളുപ്പം അല്ല.
അടുത്ത ദിവസം ഉച്ച സമയത്ത് ഞാനും, വിവേകും കൂടി അടുത്തുള്ള ആശുപത്രിയില്‍ കയറി. ഇത്തരം യാത്രകളില്‍ ഗൂഗിളില്‍ നിന്നും, പത്രങ്ങളില്‍ നിന്നും ലഭിക്കുന്ന ആധികാരിക വിവരത്തെക്കാള്‍ സാധാരണ ഗുണം ചെയ്യുക അതാതു പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ക്കാണ്. അതു കൊണ്ടാണ് ആശുപത്രിയില്‍ കയറിയത്. മലയാളി സ്റ്റാഫ് ഇല്ലാത്ത ആശുപത്രി ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എവിടെയും കാണില്ല. സംഭവം വിജയിച്ചു!
രണ്ടാമത്തെ ദിവസം വൈകീട്ടു ഞങ്ങള്‍ ക്ഷിപ്രനദിയിലെ ആരതി കാണുക എന്ന ഉദ്ദേശ്യതോടെയാണ് ഇറങ്ങിയത്. പകല്‍ മുഴുവന്‍ ഉറങ്ങുകയായിരുന്നു. വൈകീട്ടു നാലിന് തന്നെ ഇറങ്ങി. രാംഘട്ടു വരെ നടന്നു. ഇടക്ക് ജന്തര്‍ മന്ദിര്‍ ,വേദശാല, മഹകലേശ്വര്‍ ക്ഷേത്രം എന്നിവ കണ്ടു. പോകുന്ന വഴിയില്‍ ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന നാമജപം താനെയായിരുന്നു പ്രധാനമായും കേട്ടതു. വഴിയില്‍ സെക്യൂരിറ്റി വാഹനം അല്ലാതെ വേറെ ഒരു വാഹനവും കണ്ടില്ല. വൈകീട്ടു 7 PM മണിക്കാണ് ആരതി. ഗംഗാആരതി പോലെ ക്ഷിപ്രനദിയിലെ ആരതിയും പ്രസിദ്ധമാണ്. ആരതിയുടെ അടുത്തു തന്നെ നില്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആ നിമിഷങ്ങള്‍ സമ്മാനിച്ച അനുഭൂതി അനിര്‍വചനീയമായിരുന്നു!!! മുന്നില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരതി ഉഴിയുന്ന പുരോഹിതര്‍… ചുറ്റും പഞ്ചാക്ഷരി മന്ത്രം ചൊല്ലികൊണ്ടു ഭക്തര്‍… അതിനിടയില്‍ ക്യാമറയുമായി ഞങ്ങളും … ആരതി ദര്‍ശനത്തില്‍ ഏറ്റവും സന്തോഷവാന്‍ തരുണ്‍ ആയിരുന്നു. അവനു നല്ല പടങ്ങള്‍ എടുക്കാന്‍ പറ്റി.

സന്നദ്ധപ്രവര്‍ത്തകരുടെ കാര്‍ക്കശ്യപെരുമാറ്റം കണ്ടത് നദികരയിലാണ്. ചെരുപ്പിട്ടു നദിയില്‍ ഇറങ്ങാന്‍ ആരെയും സമ്മതിക്കില്ല. മാത്രമല്ല സോപ്പ് നദിക്കരയില്‍ പോലും അടുപ്പിക്കില്ല. വെള്ളം കേടുവരാതെ സൂക്ഷിക്കാന്‍ സംഘാടകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.

നാഗസന്യാസിമാര്‍ ആയിരുന്നു മറ്റൊരു ആകര്‍ഷണം. ഉപഭോഗ കേന്ത്രീകൃതമായ നമ്മുടെ സാമൂഹ്യജീവിതത്തില്‍ നിന്നും വളരെ വിഭിന്നമാണ് അവരുടെ ജീവിതശൈലി. ഹിമാലയസാനുക്കളിലാണ് താമസം എന്നു പറയപെടുന്നു. കുംഭമേള സമയത്തു മാത്രമേ അവര്‍ക്ക് പൊതുജന സമ്പര്‍ക്കം കാണൂ. ദേഹം മൊത്തം ഭസ്മം പൂശിയാണ് അവര്‍ നടക്കുക. അവരുടെ ജട പിടിച്ച മുടിയും പെട്ടെന്നു ശ്രദ്ധ ആകര്‍ഷിക്കും. ഇവിടെ അവരെ പ്രധാനമായും കണ്ടത് ഭൂഖിമാതാ ക്ഷേത്രത്തിനു അടുത്തായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന സംഗീതത്തിന് ഒരു പ്രത്യേകഈണമുണ്ട്. ആരെയും ആകര്‍ഷിച്ചു പോവുന്ന ഒരു താളം(ട്രാന്‍സ് മ്യൂസിക്‌)!!! പറഞ്ഞു അറിയിക്കാനാവാത്ത ഒരു ശക്തിപ്രവാഹം!!!! “നാന്‍ കടവുള്‍” എന്ന സിനിമയില്‍ സംവിധായകന്‍ ബാല ഈ സംഗീതത്തിന്റെ സാധ്യതകള്‍ കുറച്ചൊക്കെ ഉപയോഗപെടുത്തിയിട്ടുണ്ട്. അതുപോലെ നാഗാബാബമാര്‍ക്ക് യോഗയിലുള്ള പ്രാവീണ്യം എടുത്തു പറയേണ്ടതു തന്നെയാണ്. നാഗസന്യാസിമാര്‍ മരണഭയമില്ലാത്ത യോദ്ധാക്കള്‍ ആയാണ് കരുതപെടുന്നത്.
നാഗസന്യാസിമാരെ പറ്റിയുള്ള ഞങ്ങളുടെ ഒരു പാടു ധാരണകള്‍ മാറ്റുന്നതായിരുന്നു ആ കൂടികാഴ്ച. നാഗസന്യാസിമാരും, അഘോരികളും ഒന്നല്ല എന്ന സത്യം തിരിച്ചറിഞ്ഞു! നാഗ സന്യാസിമാര്‍ അഘാരയുമായി ബന്ധപെട്ടാണ് ജീവിക്കുക. എന്നാല്‍ അഘോരികള്‍ ശവപറമ്പുകളിലാണ് താമസിക്കുക. രണ്ടു കൂട്ടരും മാംസം ഭക്ഷിക്കുമെങ്കിലും അഘോരികള്‍ മാത്രമേ മനുഷ്യ മാംസം ഭക്ഷിക്കൂ. നാഗസന്യാസിമാര്‍ പൂര്‍ണ്ണ നഗ്നരായിരിക്കും. എന്നാല്‍ അഘോരികള്‍ മൃഗത്തിന്‍റെ തോലു കൊണ്ടു അരക്കെട്ടു മറക്കും. മാത്രമല്ല മനുഷ്യന്‍റെ തലയോട്ടി അവരുടെ പാനപാത്രവുമാണ്.

രാത്രി ഏകദേശം 11PM മണി വരെ ഞങ്ങള്‍ നദികരയില്‍ ചിലവഴിച്ചു. ഞങ്ങള്‍ തിരിച്ചു പോകുന്ന സമയത്തും ജനത്തിന്‍റെ നദീതടത്തിലേക്കുള്ള ഒഴുകിക്കിനു ശമനമൊന്നുമില്ല. ഇപ്പോള്‍ ആ ഒഴുക്കിന്‍റെ വേഗത വളരെ കുറവാണ്. എന്നാല്‍ ഒഴുക്കിന് ഒരു താളമുണ്ട്.ഓരോ ഘട്ടിനു സമീപമെത്തുന്ന സമയത്തും ശബ്ദം കൂടി വരുന്ന താളം. അതിന്‍റെ പാതയില്‍ എവിടെയെങ്കിലും പെട്ടാല്‍ നമ്മളെയും ആ ഒഴുക്ക് അതിന്‍റെ ഭാഗമാക്കി കൊണ്ടു പോവും- നദിയിലെ ചുഴിയില്‍ പെട്ടുപോവുന്ന അവസ്ഥ. പലപ്പോഴും അത്തരം ചുഴികളില്‍ നിന്നും കഷ്ട്ടിച്ചാണ് രക്ഷപെട്ടത്. ‘ഹര്‍ ഹര്‍ മഹാദേവ്’, ‘ക്ഷിപ്ര മയ്യാ കീ ജയ്’ , ‘ജയ് മഹാകാല്‍’ എന്നിങ്ങനെയുള്ള ജപങ്ങളായിരുന്നു പ്രധാനമായും കേട്ടത്.

ഞങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് പെഷവായ്‌ കാണാനായി ഇറങ്ങി. ഉറക്കം കഷ്ട്ടിച്ചു രണ്ടു മണിക്കൂര്‍ മാത്രം. പെഷവായ്‌ എന്നു പറഞ്ഞാല്‍ അഘാരകളിലെ സന്യാസിസമൂഹങ്ങള്‍ കുളിക്കാന്‍ ഘോഷയാത്രയായി വരുന്നതാണ്. ആനപ്പുറത്തും, ഒട്ടകപ്പുറത്തും, കുതിരപ്പുറത്തുമാണ് വരവ്. കൂടെ നഗ്നരായ നാഗസന്യാസിമാരും സംഘമായി കാണും. അഘാരകളില്‍ നിന്നും സംഘമായാണ് ഇവരുടെ വരവ്.കുംഭമേളയിലെ ഒരു പ്രധാന ചടങ്ങ് ആണിത്. ശൈവര്‍ ദട്ടഘട്ടില്‍ ആണു സ്നാനം നടത്തുക. എന്നാല്‍ വൈഷ്ണവരും,സിഖ് ബാബമാരും രാംഘട്ടില്‍ സ്നാനം നടത്തും. ഇവര്‍ കുളിച്ച ശേഷമേ പൊതുജനം ഘട്ടുകളില്‍ കുളിക്കാന്‍ ഇറങ്ങൂ. എല്ലാ റോഡും റോമിലേക്ക് എന്നു പറയുന്നത്‌ പോലെ, എല്ലാ റോഡും രാംഘട്ടിലേക്ക് ആയിരിക്കും ആ സമയം.നേരത്തെ പറഞ്ഞ പോലെ ഞങ്ങളുടെ താമസസ്ഥലത്തുനീന്നും മൂന്നു കിലോമീറ്റര്‍ ആണു അങ്ങോട്ടു ഉള്ളത്. നേരെയുള്ള വഴി പോയാല്‍ അവിടെ ഇന്നു എത്താനാവില്ല എന്നു പെട്ടെന്നു തന്നെ മനസിലായി. മുന്നോട്ടു നീങ്ങാനെ ആവുന്നില്ല. ജനസാഗരം എന്നു പറയുന്നത് എന്താണെന്നു അനുഭവിച്ചറിഞ്ഞു. ഞങ്ങള്‍ ഇവിടെ വന്നതിനു ശേഷം ഇതിനകം രണ്ടു തവണ രാംഘട്ടില്‍ പോയിട്ടുണ്ട്. അതു കൊണ്ടു തന്നെ വഴികളെ കുറിച്ചു നല്ല ധാരണ ആയിട്ടുണ്ട്‌. പൊതുജനത്തിന് പ്രധാനമായും 2 വഴികള്‍ ആണുള്ളത്- ഒന്നു ജന്ദര്‍മന്തര്‍ വഴി നേരെ ഘട്ടിലേക്ക്. മറ്റൊന്ന് റെയില്‍ ക്രോസ് ചെയ്തു മഹാകലെശ്വര്‍ അമ്പലത്തിനു മുന്നിലൂടെയുള്ള വഴി. ഇന്നു ഈ രണ്ടു വഴിയും പോയിട്ടു കാര്യമില്ല. തലേന്ന് രാത്രി 11 മണിക്കാണ് മഹാകലെശ്വരില്‍ നിന്നുംഞങ്ങള്‍ തിരിച്ചു പോന്നത്. ഈ തിരക്ക് കണ്ടപ്പോളാണ്‌ ഇന്നലെ തിരിച്ചുപോന്നത് അബദ്ധം ആയെന്ന തിരിച്ചറിവ് ഉണ്ടായതു. വിഷ്ണുരാജ് അതു ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു-‘രാത്രി അവിടെ നിന്നാല്‍ മതിയായിരുന്നു.’

ക്ഷിപ്രനദിയില്‍ സ്നാനത്തിനായി 13ഘട്ടുകള്‍(കുളി കടവുകള്‍) ആണു ഉള്ളത്. ഇതില്‍ ഏറ്റവും പഴക്കം ചെന്നത് രാംഘട്ടാണ്. അവിടെയും അതിനു എതിര്‍വശത്തുള്ള ദട്ട ഘട്ടിലുമാണ് അഘോരികളും, നാഗസന്യാസിമാരും അടങ്ങുന്ന അഘാരയില്‍ നിന്നുള്ളവര്‍ സ്നാനം ചെയ്യുക. അതിനു ശേഷമേ പൊതു ജനത്തിനു അങ്ങോട്ടു പ്രവേശനം ഉള്ളൂ. ജനം മുഴുവന്‍ രാം ഘട്ടില്‍ എത്താമെന്ന വിശ്വാസത്തില്‍ ബഹളം ഉണ്ടാക്കാതെ മന്ദം മന്ദം നീങ്ങുകയായിരുന്നു. എന്നാല്‍ ഈ തിരക്കില്‍ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഘട്ടുകളെ കുറിച്ചു ആദ്യദിനം തന്നെ ഒരു ധാരണ ഉണ്ടാക്കിയിരുന്നു. രാംഘട്ടിനു താഴെയാണ് നര്‍സിംഗ് ഘട്ട് . അതിനു താഴെ ഭൂഖിമാതാ ഘട്ട്. അതിനു ശേഷം ചിന്താമന്‍ ഘട്ട്. തുടര്‍ന്നു ഗാവുഘട്ട്. രാംഘട്ടിനു മുകളില്‍ കേദാര്‍ഘട്ട്. തുടര്‍ന്നു സുനഹരിഘട്ട്, കബീര്‍ ഘട്ട്, വാത്മീകിഘട്ട് അങ്ങിനെ പോവുന്നു ഘട്ടുകള്‍.

ജന്ദര്‍മന്തര്‍ കഴിഞ്ഞു ഇടത്തോട്ടു പോയാല്‍ ഗാവുഘട്ട്. അധികം ആളുകള്‍ ഗാവു ഘട്ടിലേക്ക് പോവുന്നില്ല. എല്ലാവരുടെയും അന്വേഷണം രാംഘട്ടിലേക്ക് ഉള്ള വഴിയാണ്. ഞങ്ങള്‍ രണ്ടും കല്‍പിച്ചു ഗാവുഘട്ടിലേക്ക് തിരിച്ചു. നദിക്കരയിലൂടെ പോയാലെ ഇനി എന്തെങ്കിലും സാധ്യതയുള്ളൂ. നദി വളഞ്ഞു പിണഞ്ഞാണു പോവുന്നത്. റോഡിനെ അപേക്ഷിച്ച് ദൂരം കൂടും. പക്ഷെ വേറെ മാര്‍ഗ്ഗമില്ല. റോഡ്‌ മൊത്തം ജനനിബിഡമാണ്. വിചാരിച്ച പോലെ തന്നെ ഗാവുഘട്ടില്‍ വലിയ തിരക്കില്ല. അവിടെ നിന്നും മറ്റു ഘട്ടുകള്‍ കാണാം.എന്നാല്‍ ഘട്ടുകള്‍ തമ്മില്‍ ബാരിക്കേഡു വെച്ചു തടഞ്ഞിട്ടുണ്ട്. മാത്രമല്ല ഓരോ ഘട്ടിലും നദിയിലേക്ക് പ്രത്യേകം ക്യൂ തിരിച്ചു വച്ചിട്ടുണ്ട്. നമ്മള്‍ എത്തിപെടുന്ന ഘട്ടില്‍ തന്നെ കുളിക്കാള്‍ വേണ്ടിയാണിത്. ക്യൂവില്‍ കയറുന്നതിനു മുന്‍പായി നനഞ്ഞ തുണികള്‍ വിരിക്കാനും ജനത്തിനു വിശ്രമിക്കാനുമായി വിശാലമായ പറമ്പുണ്ട്. എന്നാല്‍ ഓരോ ഗട്ടിലും ഈ പറമ്പുകള്‍ തമ്മില്‍ ബാരിക്കേഡു വെച്ചു തടഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ ഒരു ഘട്ടില്‍ നിന്നും മറ്റൊരു ഘട്ടിലേക്ക് ബാരിക്കേഡു കാരണം കടക്കാന്‍ പറ്റില്ല. മാത്രമല്ല കുളിക്കാന്‍ ഉള്ള ക്യൂവില്‍ കയറിയാല്‍ അതില്‍ നിന്നും പുറത്തു ഇറങ്ങാനും പറ്റില്ല. ഞങ്ങള്‍ വേറെ മാര്‍ഗ്ഗമൊന്നും കാണാത്തതു കൊണ്ടു പറമ്പിലൂടെ നടന്നു ബാരിക്കേഡുകള്‍ ചാടി കടക്കാന്‍ തുടങ്ങി. ഓരോ ഘട്ടിലും നാലു വീതം ബാരിക്കേഡുകള്‍ ചാടി കടക്കണം. ഈ ചാടുന്നത് എല്ലാം CCTV യില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ പറ്റും. പ്രൊഫഷണല്‍ അല്ലാത്ത ചാട്ടം കണ്ടായിരിക്കും അവരു ഞങ്ങളെ അവഗണിച്ചത്. വേറെ ആരും ഇങ്ങിനെ ചാടി കടക്കുന്നതു കണ്ടില്ല. എന്തായാലും അങ്ങിനെ ബാരിക്കേഡുകള്‍ കടന്നു മുന്നേറി ഞങ്ങള്‍ രാംഘട്ടു വരെയെത്തി.

ഞങ്ങള്‍ എത്തിയപ്പോളെക്കും പെഷവായ് തീരാറായി തുടങ്ങിയിരുന്നു. പെഷവായ് ദര്‍ശനം ആരിലും വിസ്മയം ജനിപ്പിക്കുന്നത് തന്നെയായിരുന്നു. പെഷവായ് അഥവാ പ്രദിക്ഷണം നടത്തുന്നതിനു ഓരോ അഘാരക്കും പ്രത്യേക റൂട്ട് നല്‍കിയിട്ടുണ്ട്. പ്രധാന വഴിത്താര നീല്‍ഗംഗ മുതല്‍ ദട്ട അഘാര വരെയുള്ള വഴിയാണ്. ഓരോ സന്യാസി സമൂഹങ്ങളും വന്‍ ഒരുക്കങ്ങള്‍ പെഷവായ്ക്കായി നടത്തിയിരുന്നു എന്നു തോന്നുന്നു. അപ്പോള്‍ മറ്റൊരു ലോകത്തേക്ക് എത്തി പോയ അനുഭവം ആയിരുന്നു. വസ്ത്രധാരണത്തിലും, രൂപത്തിലും, ഭാവങ്ങളിലുമെല്ലാം നമ്മള്‍ കണ്ടു പരിച്ചയം ഇല്ലാത്ത മനുഷ്യര്‍! വസ്ത്രം പോലും ആര്‍ഭാടം എന്നു കരുതുന്ന ജനസഞ്ചയം!

തുടര്‍ന്നു ദത്താത്രെയ അഘാര ക്ഷേത്രത്തില്‍ കയറി. ശങ്കരാചാര്യരുടെ കാലം മുതലുള്ള നിര്‍മിതിയാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളില്‍ നട തുറക്കുമ്പോള്‍ ഉയരുന്ന സംഗീതസാന്ത്രമായ ചടങ്ങിനു സമാനമായി ഇവിടെയുള്ള ചടങ്ങ് കണ്ടു. സംഗീത ഉപകരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. മയിലും, കുരങ്ങും എല്ലാം ക്ഷേത്ര അങ്കണത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു പുറത്ത് ധാരാളം സന്യാസി വര്യന്‍മാരെ കണ്ടു.അവരുടെ താമസം ടെന്റ്കളിലാണ്. ഫോട്ടോ എടുക്കാന്‍ നോക്കിയപ്പോള്‍ പലരും ക്ഷുഭിതരായി. പിന്നെ അധികം പടം എടുത്തില്ല.
നാം സൃഷ്ട്ടിച്ചിരിക്കുന്ന വിപണിയുടെയും, വാണിജ്യത്തിന്‍റെയും കിടമത്സരങ്ങളിലൂന്നിയ സാമൂഹ്യക്രമത്തില്‍ നിന്നും വിഭിന്നമായിരുന്നു ഞങ്ങള്‍ കണ്ട ഈ ബദല്‍ ലോകം. ആഗോളവത്കരണത്തിലൂന്നിയ വിപണി ഉത്പന്നങ്ങളുടെ കൈമാറ്റം പോലെ തന്നെ സംസ്കാരത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളും നടത്തുന്നുണ്ടെന്നു അഭിമാനിക്കുന്നു.എന്നാല്‍ സംഘടിതവും സ്ഥാപനവല്കൃതവുമായ വിപണിതാത്പര്യങ്ങല്‍ക്കതീതമായ ഒരു ബദല്‍ ലോകം നാമറിയാതെ , നമ്മളെ അറിയിക്കാനാഗ്രമില്ലാതെ, നമുക്കിടിയില്‍ ജീവിക്കുന്നു എന്നത് പുതിയ ഒരറിവ്‌ തന്നെയായിരുന്നു.ഒരിടത്ത് ആള്‍ദൈവങ്ങള്‍ വിപണി പിടിചെടുത്തു ഉത്പന്നങ്ങള്‍ വില്‍പന നടത്തുമ്പോള്‍, മറ്റൊരിടത്ത് ആത്മസാക്ഷാത്കാരത്തിനുള്ള പാതയില്‍ വസ്ത്രം പോലും ആര്‍ഭാടമായി കരുതുന്ന ജനതക്കു നമ്മോടു സംസാരിക്കാന്‍ പോലും താത്പര്യമില്ല.

ഒരു ജീവിതകാലഘട്ടം മൊത്തം ഓര്‍ത്തിരിക്കാവുന്ന അനുഭവങ്ങളുമായാണ് ഞങ്ങള്‍ സിംഹസ്ഥ കുംഭ മഹാപര്‍വില്‍ നീന്നും തിരിച്ചു പോരുന്നത്. ഇനിയൊരിക്കലും കാണാന്‍ സാധ്യത പോലുമില്ലാത്ത ഒരുപാടു പേരെ പരിചയപെട്ടു. കണ്ട മനുഷ്യരുടെ ആചാരങ്ങളും വിശ്വാസങ്ങളും വിസ്മയിപ്പിക്കുന്നത് തന്നെ. ഇനിയൊരു കുംഭമേളക്കു കൂടി പോവണം എന്നുറപ്പിച്ചാണ് ഞങ്ങള്‍ മടക്കയാത്ര തുടങ്ങിയത്. സംഘാടനമികവുകൊണ്ടും ജനബാഹുല്യം കൊണ്ടും,സാംസ്കാരിക തനിമ കൊണ്ടും കുംഭമേളക്കു തുല്യം വെയ്ക്കാവുന്ന മറ്റൊരു കൂട്ടായ്മ ലോകത്തില്‍ തന്നെ വേറെ ഉണ്ടോ എന്നു സംശയമാണ്.
– Basanth Ap

Create a free website or blog at WordPress.com.

Up ↑